പ്രളയം: തമിഴ്നാടിന് ആയിരം കോടിയുടെ അധിക കേന്ദ്ര സഹായം

ചെന്നൈ: പേമാരിയില്‍ വെള്ളത്തിലായ ചെന്നൈ നഗരത്തിന്‍െറ ദുരന്തം നേരിട്ടുകാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ആരക്കോണം നേവല്‍ എയര്‍ സ്റ്റേഷനില്‍ ഇറങ്ങിയ പ്രധാനമന്ത്രി വെള്ളപ്പൊക്കബാധിത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് അദ്ദേഹം 1000 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. കേന്ദ്രം നേരത്തേ അനുവദിച്ച 940 കോടി രൂപക്ക് പുറമേയാണ് ഇതെന്ന് നേവല്‍ ബേസില്‍ നടത്തിയ ഹ്രസ്വ പ്രസ്താവനയില്‍ മോദി പറഞ്ഞു. ‘നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ട്’ എന്ന് തമിഴില്‍ പറഞ്ഞാണ് മോദി പ്രസ്താവന തുടങ്ങിയത്. പേമാരിയും വെള്ളപ്പൊക്കവും വിതച്ച ദുരന്തം നേരിട്ടുകണ്ടതായും ഇന്ത്യ മുഴുവന്‍ തമിഴ് ജനതക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രി ജയലളിതയും ഗവര്‍ണര്‍ കെ. റോസയ്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പമാണ് മോദി വ്യോമനിരീക്ഷണം നടത്തിയത്. ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്നതിനുമുമ്പ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ഫോണില്‍ വിളിച്ച മോദി സഹായം വാഗ്ദാനം ചെയ്തു. ചെന്നൈയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രം വിലയിരുത്തി.

വെള്ളപ്പൊക്കബാധിത മേഖലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമനിരീക്ഷണം നടത്തുന്നു
 

അതേസമയം, മഴക്ക് വ്യാഴാഴ്ച നേരിയ ശമനമുണ്ടായി. എന്നാല്‍, ചെമ്പരമ്പാക്കം തടാകത്തില്‍നിന്ന് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ജലപ്രവാഹം കൂടുതല്‍ പ്രദേശങ്ങളെ വെള്ളത്തിലാക്കി. നഗരത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ ഈ തടാകത്തില്‍നിന്ന് 30,000 ക്യുസെക്സ് വെള്ളമാണ് ഒഴുക്കിയത്. ഇതേതുടര്‍ന്ന്, നഗരത്തിലെ പ്രധാന മേഖലകളായ കോടമ്പാക്കം, ടി നഗര്‍, അശോക് നഗര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ അറിയിപ്പ് വീണ്ടും ആശങ്ക പടര്‍ത്തി. മരിച്ചവരുടെ എണ്ണം 250 കവിഞ്ഞതായി അനൗദ്യോഗിക കണക്ക് പറയുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലം തമിഴ്നാടിന്‍െറ വടക്കന്‍ തീരങ്ങളിലും പുതുച്ചേരിയിലും ശക്തമായ മഴ വീണ്ടും പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ മുന്നറിയിപ്പ്.  

ചെന്നൈയിലെ പ്രളയ ദുരിത മേഖലയില്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെിയ വ്യോമസേന കോപ്ടര്‍ കണ്ട് കെട്ടിടത്തിന് മുകളില്‍നിന്ന് സഹായം തേടുന്നവര്‍
 

റണ്‍വേയില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് താല്‍ക്കാലികമായി അടച്ച ചെന്നൈ വിമാനത്താവളത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വ്യോമസേന മൂന്ന് വിമാനങ്ങള്‍ ഏര്‍പ്പെടുത്തി. യാത്രക്കാരെ ചെന്നൈയില്‍നിന്ന് ഡല്‍ഹിയില്‍ എത്തിച്ചു. ചെന്നൈയിലെയും പരിസരങ്ങളിലെയും പ്രളയബാധിത മേഖലകളില്‍ മുഖ്യമന്ത്രി ജയലളിത വ്യോമനിരീക്ഷണം നടത്തി. സ്ഥിതിഗതികളെക്കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അവര്‍ ചര്‍ച്ച നടത്തി.

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അഞ്ച് കോടി രൂപ വീതം വാഗ്ദാനം നല്‍കി. ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തമിഴ്നാട് സന്ദര്‍ശിച്ച് സഹായവാഗ്ദാനം നടത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്കും സഹായം വാഗ്ദാനം ചെയ്തു. തമിഴ്നാട്ടിലൂടെ പോകുന്ന ദേശീയപാതകളിലെ ടോള്‍ പിരിക്കുന്നത് ഈ മാസം 11വരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി തടഞ്ഞു. ചെന്നൈയിലെ പ്രളയദുരന്തത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദു$ഖം രേഖപ്പെടുത്തി.

Full View

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.