ഹൈദരാബാദ്: ബി.ജെ.പി. അധികാരത്തില്‍ വന്നതിനുശേഷം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതക്കും വംശീയഹത്യകള്‍ക്കുമെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്ന് ജമാഅത്തെ ഇസ് ലാമി അംഗങ്ങളുടെ അഖിലേന്ത്യാ സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പ്രമുഖ ഉദ്യോഗസ്ഥരും സാഹിത്യകാരന്മാരും രാഷ്ട്രീയ-മത നേതാക്കളുമടക്കം എതിര്‍ത്തിട്ടും അസഹിഷ്ണുതയുടെ സംസ്കാരം രാജ്യത്ത് വ്യാപകമാക്കാനുള്ള സംഘപരിവാറിന്‍റെ ശ്രമം അപലപനീയമാണ്. സംഘ്പരിവാറിന് ഭൂരിപക്ഷമുള്ള വിവിധ സംസ്ഥാനങ്ങളില്‍ മുസ് ലിം ന്യൂനപക്ഷം ഭീതിദതമായ അവസ്ഥയിലാണ കഴിയുന്നത്. രാജ്യത്ത് സമാധാനവും സഹവര്‍തിത്ത്വവും സ്ഥാപിക്കാന്‍ മതേതരപാര്‍ട്ടികളും മതസംഘടനകളും ഒന്നിച്ച് നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ അഛാദിന്‍ കൊണ്ടുവന്നത് കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണ്. സാധാരണക്കാരായ ജനങ്ങള്‍ ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും ഞെരുങ്ങിക്കഴിയുമ്പോള്‍ മോദി സര്‍ക്കാര്‍ വിലക്കയറ്റം സൃഷ്ടിക്കുകയാണ്. പൊതുമേഖലയില്‍നിന്ന് പിന്മാറി സ്വകാര്യവത്കരണത്തിന് വേഗത വര്‍ധിപ്പിക്കുന്ന ജനവിരുദ്ധ തീരുമാനങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അഭിപ്രായസ്വാതന്ത്യത്തിന് വേണ്ടി നിലകൊള്ളാനും തെറ്റായ സാമ്പത്തികനയങ്ങള്‍ തിരുത്താനും സര്‍ക്കാര്‍ തയ്യാറാവണം.
ഇന്ത്യാവല്‍ക്കരണം എന്ന പേരില്‍ വിദ്യാഭ്യാസമേഖലയെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യവും നിലനിര്‍ത്തുന്ന വിദ്യാഭ്യാസ നയമാണ് ഉണ്ടാവേണ്ടത്. സര്‍ക്കാര്‍ നടപ്പാക്കാന്‍ തീരുമാനിച്ച വിദ്യാഭ്യാസനയം രാജ്യത്തിന്‍റെ ഭാവിയെ അപകടത്തിലാക്കുന്നതാണ്. ചരിത്രത്തെയും വിദ്യാഭ്യാസത്തെയും സംഘപരിവാറിനനുകൂലമാക്കാനുള്ള നീക്കത്തില്‍ നിന്നു പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക സ്കോളര്‍ഷിപ്പുകള്‍ സംവരണം എന്നിവയില്ലാതാക്കാനുള്ള ബി.ജെ.പി. ഗവണ്‍മെന്‍റിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണ്. ലോകത്ത് വന്‍ശക്തികള്‍ വിതക്കുന്ന അരക്ഷിതാവ്സ്ഥ വര്‍ധിച്ചുവരികയാണ്. ഐ.എസ്.ഐ.എസ്. പോലുള്ള ഭീകരവാദ സംഘടനകളുടെ രംഗപ്രവേശത്തിന് ലോകരാജ്യങ്ങള്‍ കാരണമായിട്ടുണ്ട്. ഐക്യരാഷ്ര്ടസഭ പുനസംഘടിപ്പിക്കണമെന്നും ലോകത്ത് സമാധാനം നിലനിര്‍ത്താന്‍ ഇഛാശക്തിയുള്ള സംവിധാനമായി യുഎന്‍ മാറണമെന്നും ദുര്‍ബലരാജ്യങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നടപടി തടയാന്‍ മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇസ്ലാമിനെ കുറിച്ച തെറ്റിദ്ധാരണകള്‍ പരത്താന്‍ കാരണമാവുന്ന പ്രവര്‍ത്തനങ്ങള്‍ മുസ് ലിംകള്‍ ഉപേക്ഷിക്കണമെന്നും രാജ്യനിവാസികള്‍ക്ക് ഇസ്ലാമിനെ തുറന്ന മനസ്സോടെ സമീപിക്കാനുള്ള അവസരം സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍നിന്നുള്ള പതിനായിരത്തിലധികം അംഗങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. അംഗങ്ങളുടെ തുറന്ന ചര്‍ച്ചക്കുശേഷമാണ് പ്രമേയം പാസ്സാക്കിയത്.
ജമാഅത്തെ ഇസ്ലാമിയുടെ പ്രാദേശികഘടകങ്ങള്‍ ജനകീയ അടിത്തറ വിപുലപ്പെടുത്താന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനും സമ്മേളനം ആവശ്യപ്പെട്ടു.
അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി, ഉപാധ്യക്ഷന്മാരായ ടി. ആരിഫലി, സആദത്തുല്ലാ ഹുസൈനി, നുസ്റത്ത് അലി, ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് സലീം എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.