മുസഫര്‍ നഗര്‍ കലാപം: കേന്ദ്രമന്ത്രി സഞ്ജീവ് ബാലിയന്‍ കീഴടങ്ങി

ന്യൂഡല്‍ഹി: 2013ലെ മുസഫര്‍ നഗര്‍ കലാപ കേസില്‍ സ്ഥലം എം.പിയും കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാലിയന്‍ കോടതിയില്‍ കീഴടങ്ങി. കലാപം ഇളക്കിവിട്ടതിന് വിചാരണ നേരിടുന്ന മന്ത്രിയുള്‍പെടെയുള്ളവര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മുസഫര്‍ നഗര്‍ കോടതി വാറന്‍റ് പുറപ്പെടുവിച്ചതോടെയാണ് വെള്ളിയാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ബാലിയന് കോടതി ജാമ്യം അനുവദിച്ചു. കേന്ദ്ര മന്ത്രിക്കു പുറമെ ബി.ജെ.പിയുടെ മറ്റൊരു പാര്‍ലമെന്‍റംഗം ഭാര്‍ത്തേന്ദ്ര സിങ്, എം.എല്‍.എ സുരേഷ് റാണ, വി.എച്ച്.പി നേതാവ് സാധ്വി പ്രാചി എന്നിവരും ഡിസംബര്‍ 18ന് കോടതിയില്‍ ഹാജരാകണമെന്ന് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സീതാറാം കഴിഞ്ഞ മാസം നിര്‍ദേശിച്ചിരുന്നു.

2013 ആഗസ്റ്റ് 30ന് മുസഫര്‍ നഗറിലെ നഗ്ല മണ്ടോറില്‍ നടന്ന മഹാപഞ്ചായത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രഭാഷണം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്. ബാലിയന്‍ ഉള്‍പെടെ പ്രതികള്‍ ഹാജരാകാത്തത് കേസ് വൈകാനിടയാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 188 (നിരോധന ഉത്തരവ് ലംഘിക്കല്‍), 354 (ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്ത നിര്‍വഹണത്തിന് തടസ്സം നില്‍ക്കല്‍), 341 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.

2013ല്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ അഭയാര്‍ഥികളാകുകയും ചെയ്തിരുന്നു. കലാപത്തില്‍ പങ്കുവഹിച്ചെന്ന പരാതിയില്‍ കേസ് ഉണ്ടായിരിക്കെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി സ്ഥലത്തുനിന്ന് മത്സരിച്ച് ജയിച്ചാണ് ബാലിയന്‍ കേന്ദ്രമന്ത്രിസഭയിലത്തെിയത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബി.ജെ.പി ആരോപണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.