ഡൽഹിയിൽ നിന്നും യാത്രതിരിച്ച എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും യു.എസിലെ സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. സാ​ങ്കേതിക തകരാർ മൂലമാണ് വിമാനം വഴിതിരിച്ച് വിട്ടതെന്ന് എയർ ഇന്ത്യ അറിയിച്ചു. എയർ ഇന്ത്യയുടെ എ.ഐ 183ാം നമ്പർ വിമാനം റഷ്യയിലെ ക്രാസ്നോയാർസ്കിൽ അടിയന്തര ലാൻഡിങ് നടത്തിയെന്ന് കമ്പനി അറിയിച്ചു.

കാർഗോ ​ഏരിയയിൽ പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് ലാൻഡിങ്ങെന്നും കമ്പനി വിശദീകരിച്ചു. വിമാനത്തിൽ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരേയും വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിങ്ങിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാർക്ക് അവശ്യ സൗകര്യങ്ങൾ ഒരുക്കാൻ മറ്റൊരു കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. എയർ ഇന്ത്യക്ക് വിമാനത്താവളത്തിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും കമ്പനി വിശദീകരിച്ചു. വിമാനത്താവള അധികൃതരുമായും സർക്കാറുമായും ചർച്ചകൾ തുടരുകയാണ്. യാത്രക്കാർക്ക് സാൻഫ്രാൻസിസ്കോയിലേക്ക് പോകുന്നതിനായി എത്രയും പെട്ടെന്ന് പകരം വിമാനം ഏർപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷവും ഇതേ റൂട്ടിൽ എയർ ഇന്ത്യക്ക് വിമാനം വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു. സാ​ങ്കേതിക തകരാർ മൂലം റഷ്യൻ നഗരമായ മാഗാദനിലേക്കാണ് സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടത്. അന്ന് 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിലാണ് സാൻഫ്രാൻസിസ്കോയിൽ എത്തിച്ചത്.

Tags:    
News Summary - Delhi-San Francisco Air India flight carrying 225 passengers diverted to Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.