ആര്‍.എസ്.എസ് മുഖപത്രത്തിന് പ്രസ് കൗണ്‍സിലിന്‍െറ നോട്ടീസ്

ന്യൂഡല്‍ഹി: കേരള ഹൗസിലെ ബീഫ് റെയ്ഡും തുടര്‍ന്നുണ്ടായ സമരവും മുന്‍നിര്‍ത്തി പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ ആര്‍.എസ്.എസ് മുഖപത്രമായ ‘ഓര്‍ഗനൈസറി’ന്‍െറ പത്രാധിപര്‍ക്ക് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ‘കേരളം ദൈവത്തിന്‍െറ സ്വന്തം നാടോ, ദൈവമില്ലാത്തവരുടെ നാടോ’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം കേരളത്തെ അപമാനിക്കുന്നതാണെന്നു കാണിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പി. നിധീഷ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുംബൈക്കാരനായ അഭിഭാഷകന്‍ എം. സുരേന്ദ്രനാഥന്‍േറതായിരുന്നു ലേഖനം.

മലപ്പുറം ജില്ല കേരളത്തിലെ സൗദി അറേബ്യയാണ്, സൗദിയിലെ ധനികരായ അറബികളില്‍നിന്ന് ധനസഹായം സ്വീകരിച്ച് മുസ്ലിംകള്‍ അവിടെ സ്വതന്ത്രമായി മതപ്രചാരണവും മറ്റും നടത്തുന്നു, ജില്ലയിലെമ്പാടും പശുക്കളുടെ അറവുശാലകള്‍ കാണാം, മുസ്ലിംകള്‍ ഭൂമി വില്‍ക്കുന്നത് മറ്റൊരു മുസ്ലിമിനു തന്നെയാകണമെന്നും മറ്റുമുള്ള അലിഖിത നിയമങ്ങള്‍ മലപ്പുറത്തുണ്ട് തുടങ്ങിയ പരാമര്‍ശങ്ങള്‍ ലേഖനത്തിലുണ്ടായിരുന്നു. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വരാന്‍ ഇ.എം.എസ് മുസ്ലിം ലീഗുമായി രഹസ്യധാരണയുണ്ടാക്കിയതിന്‍െറ പ്രത്യുപകാരമായി പിറന്നതാണ് മലപ്പുറം ജില്ലയെന്നും ലേഖനത്തില്‍ പറയുന്നു.

‘ലിവിങ് ടുഗെതര്‍’ എന്ന പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അവിവാഹിത സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ചു താമസിക്കുന്നതും ഏറ്റവും കൂടുതല്‍ മനോരോഗികളുള്ളതും കേരളത്തിലാണെന്ന് ലേഖനത്തിലുണ്ട്. ഭൂരിപക്ഷ സമുദായത്തിന്‍െറ വികാരം മാനിക്കാതെ താലി കത്തിക്കല്‍, ബീഫ് ഫെസ്റ്റ് തുടങ്ങിയ പ്രതിഷേധ പ്രകടനങ്ങള്‍ കേരളത്തില്‍ പതിവാണെന്ന ആക്ഷേപവും ലേഖനത്തില്‍ ഉന്നയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.