സ്വകാര്യ മേഖലയില്‍ പ്രസവാവധി  26 ആഴ്ചയാക്കുന്നു


ന്യൂഡല്‍ഹി: സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാരുടെ പ്രസവാവധി വര്‍ധിപ്പിക്കുന്നു. നിലവിലെ മൂന്നു മാസ അവധി ആറര മാസമാക്കി ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച് മന്ത്രാലയങ്ങള്‍ തമ്മില്‍ ഏകദേശ ധാരണയായിട്ടുണ്ട്.
കുഞ്ഞിന്‍െറ വളര്‍ച്ചക്ക് ആറുമാസത്തെ മുലയൂട്ടല്‍ അത്യാവശ്യമാണെന്നതിനാല്‍ പ്രസവാവധി വര്‍ധിപ്പിക്കണമെന്ന് കാണിച്ച് വനിതാ ശിശുവികസന മന്ത്രാലയം അയച്ച കത്തിന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അനുകൂലമായാണ് പ്രതികരിച്ചതെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി അറിയിച്ചു. പൂര്‍ണ വേതനത്തോടെ 12 ആഴ്ച അവധി ഉറപ്പാക്കുന്ന 1961ലെ മാതൃത്വ ആനുകൂല്യ നിയമം ഭേദഗതി ചെയ്തുവേണം അവധിക്കാലം ദീര്‍ഘിപ്പിക്കാന്‍. അമ്മയുടെയും കുഞ്ഞിന്‍െറയും ആരോഗ്യ പരിരക്ഷ കണക്കിലെടുത്ത് സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ അവധി എട്ടുമാസം ആക്കണമെന്നാണ് വനിതാക്ഷേമ മന്ത്രാലയത്തിന്‍െറ താല്‍പര്യമെങ്കിലും അത് പ്രായോഗികമല്ളെന്നും സ്ത്രീകളുടെ ജോലിസാധ്യതകള്‍ക്ക് അത് കുറവ് വരുത്തുമെന്നും തൊഴില്‍വകുപ്പ് വ്യക്തമാക്കി.  കുറഞ്ഞത് 14 ആഴ്ചത്തെ പ്രസവാവധിയാണ് അന്തര്‍ദേശീയ തൊഴില്‍ സംഘടന (ഐ.എല്‍.ഒ) ശിപാര്‍ശ ചെയ്യുന്നതെങ്കിലും 18 ആഴ്ചയാക്കി വര്‍ധിപ്പിക്കണമെന്ന് രാഷ്ട്രങ്ങളോടും മന്ത്രാലയങ്ങളോടും നിര്‍ദേശിക്കാറുണ്ട്. നിയമഭേദഗതി വരുന്നതോടെ 18 ആഴ്ചയിലേറെ പ്രസവാവധി നല്‍കുന്ന 42 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിക്കും. എന്നാല്‍, പല കിഴക്കന്‍ യൂറോപ്യന്‍, മധ്യേഷ്യന്‍ രാജ്യങ്ങളിലും പൂര്‍ണ ആനുകൂല്യങ്ങളോടെ ദീര്‍ഘകാല പ്രസവാവധിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ ജോലിയുള്ള വനിതകള്‍ക്ക് ഇപ്പോള്‍ ആറുമാസമാണ് പ്രസവാവധി. പുറമെ മക്കള്‍ക്ക് 18 വയസ്സ് ആകുംമുമ്പ് രണ്ടുവര്‍ഷം ശിശുപരിപാലന അവധിയുമെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.