നികുതി വെട്ടിപ്പ്: 18 പേരുടെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് പുറത്തുവിട്ടു

ന്യൂഡല്‍ഹി: നികുതിയടക്കുന്നതില്‍ വീഴ്ചവരുത്തിയ 18പേരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടു. നികുതിയടക്കാതെ വെട്ടിപ്പുനടത്താന്‍ ശ്രമിച്ചവരില്‍ സ്വര്‍ണ-വജ്ര വ്യാപാരികളും വന്‍കിട കമ്പനികളും ഉള്‍പ്പെടുന്നുണ്ട്. കോര്‍പറേറ്റ് നികുതി, വ്യക്തിഗത ആദായ നികുതി എന്നിവയിലായി ഇവര്‍ ആകെ 1152.52 കോടിയുടെ കുടിശ്ശിക വരുത്തി വെട്ടിപ്പു നടത്തിയതായാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ‘പേരുവെളിപ്പെടുത്തി നാണംകെടുത്തുക’ (നെയിംആന്‍ഡ് ഷെയിം) എന്ന ആദായനികുതി വകുപ്പിന്‍െറ കാമ്പയിന്‍െറ ഭാഗമായി വെട്ടിപ്പുനടത്തിയവരുടെ മൂന്നാമത്തെ പട്ടികയാണ് ഈവര്‍ഷം പുറത്തുവിട്ടത്.

ആകെ 2000 കോടിയുടെ നികുതി കുടിശ്ശികയുള്ള 49 പേരുടെ വിവരങ്ങള്‍  രണ്ടുതവണയായി നേരത്തെ പുറത്തുവിട്ടിരുന്നു. ആദായനികുതി വകുപ്പ് തയാറാക്കിയ 18പേരുടെ പട്ടിക പുറത്തുവിടാന്‍ ധനകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്. കുടിശ്ശിക വരുത്തിയവരുടെ പേര്, കമ്പനിയുടെ വിലാസം, പാന്‍ നമ്പര്‍, നികുതി വെട്ടിപ്പ് നടത്തിയ തുക തുടങ്ങിയ വിവരങ്ങളാണ് പുറത്താക്കിയത്. കോര്‍പറേറ്റ് നികുതി വിഭാഗത്തില്‍ മുംബൈയിലെ  പരേതനായ ഉദയ് എം. ആചാര്യ, അനന്തരാവകാശികളായ അമുല്‍ ആചാര്യ, ഭാവന ആചാര്യ എന്നിവര്‍ 779.04 കോടിയാണ് അടക്കാനുള്ളത്. കമ്പനികള്‍ ഉടനെ നികുതി അടക്കണമെന്നും ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് പൊതുജനങ്ങള്‍ക്ക്് കൈമാറണമെന്നും നോട്ടീസില്‍ പറയുന്നു.  

അഹ്മദാബാദിലെ ജാഗ് ഹീറ്റ് എക്സ്പോര്‍ട്സ്-18.45 കോടി, ജാഷുഭായ് ജ്വല്ളേഴ്സ് -32.13 കോടി, ലിവര്‍പൂള്‍ റീട്ടെയില്‍ ഇന്ത്യ -32.16 കോടി, ധര്‍മേന്ദ്ര ഓവര്‍സീസ് -19.87 കോടി,  പ്രഫുല്‍ എം. അകാനി- 29.11 കോടി, ഹൈദരാബാദിലെ നെക്സോഫ്റ്റ് ഇന്‍ഫോടെല്‍ -68.21 കോടി, ഭോപാലിലെ ഗ്രേറ്റ് മെറ്റല്‍സ് -13.01 കോടി, സൂറത്തിലെ സാക്ഷി എക്സ്പോര്‍ട്സ് - 26.76 കോടി , ഡല്‍ഹിയിലെ ബിംല ഗുപ്ത - 13.96 കോടി , ഭോപാലിലെ ഗരിമ മെഷീനറി - 6.98 കോടി, മുംബൈയിലെ ധീരന്‍ ആനന്ദ്റായ് മോദി -10.33 കോടി , ഹെമാങ് സി. ഷാ - 22.51 കോടി, യൂസഫ് മോട്ടോര്‍വാല എന്ന മുഹമ്മദ് ഹാജി -22.34 കോടി, ചണ്ഡിഗഢിലെ വീനസ് റെമഡീസ് 15.25 കോടി എന്നിങ്ങനെയാണ് കുടിശ്ശിക വരുത്തിയത്. 1989നും 2014നുമിടയില്‍ നികുതി കുടിശ്ശിക വരുത്തിയവരാണ് ഇവര്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.