ദാവൂദ് ഇബ്രാഹിമിന്‍റെ സുരക്ഷ പാക് സൈന്യം വർധിപ്പിച്ചു

ന്യൂ‍‍ഡൽഹി: ഛോട്ടാ രാജൻ അറസ്റ്റിലായ സാഹചര്യത്തിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്‍റെ സുരക്ഷ പാക്കിസ്താൻ സൈന്യം വർധിപ്പിച്ചതായി റിപ്പോർട്ട്. ദാവൂദിന്‍റെ സുരക്ഷ‍യ്ക്കായി കറാച്ചിയിലെയും ഇസ്‌ലാമാബാദിലെയും വസതികളിൽ പാക്ക് സൈന്യത്തിലെ പ്രത്യേക കമാൻഡോകളെ നിയോഗിച്ചു. ഛോട്ടാ രാജന് പിന്നാലെ അടുത്ത ലക്ഷ്യം ദാവൂദ് ഇബ്രാഹിമാണെന്ന റിപ്പോർട്ടുകളും വാർത്തകളും പ്രചരിക്കുന്നതാണ് സുരക്ഷ വർധിപ്പിക്കാനുള്ള പാക്ക് സൈന്യത്തിന്‍റെ തീരുമാനത്തിന് പിന്നിൽ.

1993ലെ മുംബൈ സ്ഫോടനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് കടന്ന ദാവൂദ് 20 വർഷമായി കുടുംബത്തോടൊപ്പം പാക്കിസ്താനിൽ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. കൂടാതെ ദാവൂദ് പാക്കിസ്താനിലുണ്ടെന്നും ഐ.എസ്.ഐയാണ് അദ്ദേഹത്തെ സംരക്ഷിക്കുന്നതെന്നും ബാലിയിൽ അറസ്റ്റിലായ ഛോട്ടാ രാജൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ദാവൂദ് രാജ്യത്തിലെന്ന നിലപാട് ആവർത്തിക്കുകയാണ് പാക് ഭരണകൂടം.

ഒക്ടോബർ 25ന് ഇന്തോനേഷ്യയിലെ ബാലിയിലാണ് കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജൻ അറസ്റ്റിലായത്. ഛോട്ടാ രാജനെ ഡൽഹിയിലെത്തിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് ഇന്ത്യൻ അധികൃതർ നടത്തുന്നത്. ഇതിനായി സി.ബി.ഐ ഉദ്യോഗസ്ഥരും ഡൽഹി, മുംബൈ പൊലീസും അടക്കമുള്ള ഇന്ത്യൻ സംഘം ഞായറായ്ച തന്നെ ബാലിയിലെത്തിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.