മുംബൈ: അറബിക്കടലില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് കാണാതായ പൈലറ്റുമാരെ കണ്ടത്തൊനായില്ല. പത്തനംതിട്ട, കോഴഞ്ചേരി, കുറയന്നൂര്‍ ചെറുകാട് വീട്ടില്‍ ക്യാപ്റ്റന്‍ ഈശോ സാമുവല്‍ (58), സഹപൈലറ്റ് തരുണ്‍കുമാര്‍ ഗുഹ എന്നിവര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്.
മൂന്ന് ഹെലികോപ്ടറുകളും മൂന്നിലേറെ കപ്പലുകളുമായി നാവികസേനയും തീരദേശസേനയും തിരച്ചില്‍ തുടരുകയാണ്. ഓയില്‍ ആന്‍ഡ് നാച്വറല്‍ കോര്‍പറേഷനു (ഒ.എന്‍.ജി.സി) വേണ്ടി പ്രവര്‍ത്തിക്കുന്ന പവന്‍ഹാന്‍സ് കമ്പനിയുടെ ഹെലികോപ്ടറാണ് ബുധനാഴ്ച വൈകീട്ട് 7.40ഓടെ തകര്‍ന്നുവീണത്. ഒ.എന്‍.ജി.സിയുടെ എണ്ണഖനനകേന്ദ്രമായ എസ്.എല്‍.ക്യു റിഗ്ഗില്‍നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം. രാത്രി ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നത് പരിശീലിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്ന് തീരദേശസേനയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാവിലെയുമായി നടത്തിയ തിരച്ചിലില്‍ അപകടം നടന്ന സ്ഥലവും ഹെലികോപ്ടറിന്‍െറ വാതിലിന്‍െറ ഭാഗവും കണ്ടത്തെിയെങ്കിലും പൈലറ്റുമാരെ കണ്ടത്തൊനായില്ല.
പവന്‍ഹാന്‍സിന്‍െറ ഡൗഫിന്‍ എ.എസ് 365-എന്‍ 3 ഹെലികോപ്ടറാണ് ദുരന്തത്തിനിരയായത്. 14 സീറ്റുകളുള്ള ഹെലികോപ്ടറില്‍ ഒ.എന്‍.ജി.സി ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. എന്‍ജിന്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ചിതറിയ നിലയിലാണ് വാതിലിന്‍െറ ഭാഗമുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ തിരച്ചിലിനിടെ കണ്ടെടുത്തത്. അപകടത്തില്‍പെട്ട ഹെലികോപ്ടര്‍ 2011ല്‍ നിര്‍മിച്ച് 2012ല്‍ രജിസ്റ്റര്‍ ചെയ്തതാണെന്നാണ് സര്‍ക്കാര്‍ കമ്പനിയായ പവന്‍ഹാന്‍സിന്‍െറ അവകാശവാദം.
മൂന്നു മാസത്തിനിടെ രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണിത്. ക്യാപ്റ്റന്‍ ഈശോ സാമുവല്‍ വിരമിക്കാനിരിക്കെയാണ് ദുരന്തം. അടുത്ത 30നാണ് വിരമിക്കല്‍. രണ്ടു ദിവസം മുമ്പ് ഇദ്ദേഹത്തിന് ഒ.എന്‍.ജി.സി യാത്രയയപ്പ് നല്‍കിയതായി ബന്ധപ്പെട്ടവര്‍ പറയുന്നു. ജൂഹു താരാ റോഡിലെ പവന്‍ഹാന്‍സ് കെട്ടിടത്തിലാണ് താമസം. ഭാര്യ: അനിത. മക്കള്‍: സൗമ്യ (അമേരിക്കയില്‍ എം.ഡി-മെഡിക്കല്‍ വിദ്യാര്‍ഥിനി), സ്നേഹ (ബംഗളൂരുവില്‍ നിയമവിദ്യാര്‍ഥിനി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.