ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു

ന്യൂഡല്‍ഹി: ഇന്തോനേഷ്യയില്‍ പിടിയിലായ അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ എത്തിച്ചു. ബാലിയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് രാജനെ സി.ബി.ഐ സംഘം കൊണ്ടുവന്നത്. ഡല്‍ഹി പാലം വിമാനത്താവളത്തില്‍ ഇന്നു പുലര്‍ച്ച അഞ്ച് മണിയോടെ എത്തിയ അന്വേഷണ സംഘം രാജനെ സി.ബി.ഐ ആസ്ഥാനത്തേക്കു കൊണ്ടു പോയി. എയര്‍പോര്‍ട്ടില്‍ നിന്നും കനത്ത സുരക്ഷയിലാണ് രാജനെ സി.ബി.ഐ ആസ്ഥാനത്തേക്കു കൊണ്ടു പോയത്. ഇന്നുതന്നെ ഇയാളെ കോടതിയില്‍ ഹാജരാക്കും.

രാജന്‍ പ്രതിയായുള്ള എല്ലാ കേസുകളും സി.ബി.ഐക്ക് കൈമാറുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഛോട്ടാ രാജനെ ആര്‍ക്ക് കൈമാറുമെന്ന ആശയക്കുഴപ്പം നിലനില്‍ക്കെ വ്യാഴാഴ്ച വൈകീട്ടോടെയാണ് കേസുകള്‍ സി.ബി.ഐക്ക് കൈമാറുന്നതായി മഹാരാഷ്ട്ര ആഭ്യന്തര സെക്രട്ടറി കെ.പി. ഭക്ഷി അറിയിച്ചത്. രാജ്യാന്തര വിഷയങ്ങളും കൈകാര്യം ചെയ്യുന്നതില്‍ പരിചയസമ്പന്നരായതിനാലാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നതെന്നാണ് വിശദീകരണം. രാജനെ ചോദ്യം ചെയ്യാനും പാര്‍പ്പിക്കാനും മുംബൈയാണ് സി.ബി.ഐ തെരഞ്ഞെടുക്കുന്നതെങ്കില്‍ സൗകര്യങ്ങള്‍ നല്‍കുമെന്നും ഭക്ഷി പറഞ്ഞു. ഛോട്ടാ രാജനുമായി ഇന്ത്യന്‍ സംഘം ഇന്തോനേഷ്യയിലെ ബാലിയില്‍നിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ നാടകീയ നീക്കമുണ്ടായത്.

ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തിയതിന്‍െറ ഫലമാണ് കേസ് സി.ബി.ഐക്ക് കൈമാറുന്നതെന്നാണ് സൂചന. ഇവരുടെ കൂടിക്കാഴ്ചക്കുശേഷം രാജനെ ഡല്‍ഹിയില്‍ എത്തിച്ചാല്‍ മതിയെന്ന് ധാരണയായതായും പറയപ്പെടുന്നു. മുംബൈ പൊലീസിലെ ചിലര്‍ ദാവൂദ് ഇബ്രാഹീമിന്‍െറ ആളുകളാണെന്ന ഛോട്ടാ രാജന്‍െറ ആരോപണവുമായി ബന്ധപ്പെടുത്തിയാണ് ഈ നീക്കത്തെ മുംബൈ പൊലീസ് വൃത്തങ്ങളും മറ്റും കാണുന്നത്. മാത്രമല്ല, മുമ്പ് അജിത് ഡോവല്‍ ഡയറക്ടറായിരുന്ന ഇന്‍റലിജന്‍സ് ബ്യൂറോയുടെയും റോയുടെയും തോഴനായിട്ടാണ് രാജന്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

ഡോവല്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവിയായിരിക്കെ ഛോട്ടാ രാജന്‍െറ രണ്ട് ഷാര്‍പ് ഷൂട്ടര്‍മാരെ ഉപയോഗിച്ച് ദാവൂദിനെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നു. 2005ലായിരുന്നു സംഭവം. അന്ന് ഷാര്‍പ് ഷൂട്ടര്‍മാരെ ഡോവലിന്‍െറ ഒൗദ്യോഗിക കാറില്‍ ഡല്‍ഹി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും വഴി മുംബൈ പൊലീസ് ഇടപെടുകയും മുംബൈ പൊലീസിന്‍െറ പിടികിട്ടാപ്പുള്ളികളായ ഷാര്‍പ് ഷൂട്ടര്‍മാരെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. മുംബൈയില്‍ രാജനെതിരെ ടാഡ, മകോക, പോട്ട നിയമങ്ങളിലുള്‍പ്പെടെ 70ലേറെ കേസുകളുണ്ട്. ഇവയെല്ലാം ഇനി സി.ബി.ഐ അന്വേഷിക്കും. സി.ബി.ഐക്ക് ആവശ്യമായ സഹായം സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു.

രാജനെ ഇന്ത്യയിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുംബൈയിലെ യര്‍വാഡ ജയിലിലേക്ക് രാജനെ കൊണ്ടു പോകാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മുംബൈയില്‍ രാജനെതിരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഡല്‍ഹിയിലേക്ക് കൊണ്ടു വരികയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.