ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന് മരിച്ചവരുടെ എണ്ണം 71 ആയി. സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ തുടരുകയാണ്. ചെന്നൈ, മറീന ബീച്ച് പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ചെന്നൈയിൽ രാവിലെ 24 സെൻറീമീറ്റർ മഴ രേഖപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദമാണ് മഴക്ക് കാരണമെന്നും വരും ദിവസങ്ങളിൽ ചെന്നൈയിലും തീരദേശ മേഖലയിലും മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം ചെന്നൈ ഉൾപ്പടെയുള്ള ജില്ലകളിൽ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടി എന്ന നിലയിലാണ് അവധി നൽകിയത്. അണ്ണ സർവ്വകലാശാല, മദ്രാസ് സർവ്വകലാശാല, നിയമ സർവ്വകലാശാല, എം.ജി.ആർ സർവ്വകലാശാല തുടങ്ങിയവ അവരുടെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
ഞായറാഴ്ച 98 സ്ഥലങ്ങളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പുകളിൽ 12,000 പേർ ചികിത്സക്കെത്തി. ദുരിതമേഖലയിൽ അകപ്പെട്ട 1900 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 81 അമ്മ കാൻറീൻ, ഏഴ് കമ്യൂണിറ്റി കിച്ചൻ, അഞ്ച് കമ്യൂണിറ്റി ഹാൾ എന്നിവ വഴി ഭക്ഷണപ്പൊതികൾ അധികൃതർ വിതരണം ചെയ്യുന്നുണ്ട്. വൈസർപാടി, മഡിപ്പാക്കം, വേളച്ചേരി, അഡയാർ, കൊരട്ടൂർ, വില്ലിവാക്കം, അരുംമ്പാക്കം, ഷോലിങ്കനല്ലൂർ, പെരുംഗുഡി, മനാലി, കൊടുങ്ങയൂർ, പോരൂർ, ചിന്താദ്രിപേട്ട്, വലസരവാക്കം, പഴവന്തങ്ങൾ, അലന്തൂർ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ചെന്നൈ കോർപറേഷൻ തൊഴിലാളികൾ നീക്കം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.