കശ്മീർ വിഘടനവാദികളെ ന്യായീകരിച്ച് ശരീഫ്; കശ്മീർ വിഷയം ചർച്ചയാക്കുമെന്ന് വാഗ്ദാനം

ശ്രീനഗർ: കശ്മീർ വിഘടനവാദികളെ ന്യായീകരിച്ച് പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫിന്‍റെ കത്ത്. പാകിസ്താനോടുള്ള കശ്മീർ വിഘടനവാദികളുടെ അനുഭാവത്തെ ബഹുമാനിക്കുന്നതായി ശരീഫ് കത്തിൽ വ്യക്തമാക്കുന്നു. കശ്മീർ വിഷയം ചൂണ്ടാക്കാട്ടി വിഘടനവാദി നേതാവ് അസിയ അന്ത്രാബി അയച്ച കത്തിനുള്ള മറുപടിയിലാണ് പാക് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കുന്നത്.

കശ്മീരിനോടുള്ള ഉത്തരവാദിത്തത്തെ കുറിച്ച് പാകിസ്താന് ഉത്തമ ബോധ്യമുണ്ട്. രാജ്യാന്തര തലത്തിൽ ഇനിയും കശ്മീർ വിഷയം ചർച്ചയാക്കും. സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം കശ്മീരികൾക്ക് നൽകുകയാണ് വേണ്ടത്. ഈ ആവശ്യത്തെ ഐക്യരാഷ്ട്രസഭയും ലോകവും പിന്തുണക്കുന്നു. കശ്മീരികൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശം നൽകാമെന്ന് ഇന്ത്യ ലോകരാജ്യങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഈ ഉറപ്പിൽ നിന്ന് പിന്മാറാനുള്ള നീക്കം ജനവഞ്ചനയാണെന്നും ശരീഫ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശെരീഫിന്‍റെ കത്തിനെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ആരും ഇടപെടേണ്ടെന്നും അതിന് പാകിസ്താന് അവകാശമില്ലെന്നും ബി.ജെ.പി വക്താവ് അരുൺ ഗുപ്ത പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ സംസാരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.