വരാനിരിക്കുന്നത് ചുട്ടുപൊള്ളിക്കുന്ന വേനല്‍

ന്യൂഡല്‍ഹി: ഇക്കുറി വേനല്‍ ഇന്ത്യയെ ചുട്ടുപൊള്ളിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍െറ പ്രവചനം. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത വരള്‍ച്ചയിലും വരുതിയിലുമാകുമെന്നാണ് മുന്നറിയിപ്പ്. നൂറ്റാണ്ടിലെ ഏറ്റവും കടുത്ത ചൂടുള്ള വേനല്‍ക്കാലങ്ങളിലൊന്നാണ് കഴിഞ്ഞ വര്‍ഷം അനുഭവപ്പെട്ടതെങ്കില്‍ അതിലേറെ കൂടിയ ചൂടാണ് ഇത്തവണ വരാനിരിക്കുന്നത്.

2500ഓളം പേരാണ് പോയവര്‍ഷം അത്യുഷ്ണം മൂലം മരണപ്പെട്ടത്, അതിലേറെ പക്ഷിമൃഗാദികളും. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്തെ എല്ലാ മേഖലയിലും സാധാരണയില്‍ കവിഞ്ഞ ചൂടാണ് അനുഭവപ്പെടുക. വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഉഷ്ണക്കാറ്റ് ഉള്‍പ്പെടെയുള്ള പ്രതിഭാസങ്ങളും ഭീഷണിയാവും.
മരങ്ങള്‍ മുറിച്ചു തള്ളിയും മലകള്‍ തുരന്നു തീര്‍ത്തും നിലം നികത്തിയും ജലാശയങ്ങള്‍ നശിപ്പിച്ചും മനുഷ്യര്‍ വരുത്തിവെച്ച വിനയാണിത്. ഒപ്പം ഹരിതഗൃഹവാതകങ്ങളും ചൂടു കൂടാന്‍ വഴിവെക്കുന്നു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ചൂട്  ഏറെ കൂടും. പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡിഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ മറാത്തവാദ, വിഭര്‍ഭ, മധ്യ മഹാരാഷ്ട്ര, ആന്ധ്രയുടെ തീരദേശ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ഏറ്റവും കൂടിയ ചൂട് അനുഭവപ്പെടുക.
ഇവിടങ്ങളില്‍ ഉഷ്ണക്കാറ്റുമുണ്ടാവും. ഉത്തരേന്ത്യയില്‍ ഇക്കഴിഞ്ഞ ശൈത്യകാലത്തും പല ദിവസങ്ങളിലും കൂടിയ ചൂടാണ് അനുഭവപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.