വായ്പാഭാരം 20,000 കോടി; ജെ.പി.സി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൃഷ്ണ-ഗോദാവരി തടത്തില്‍ വാതകഖനനത്തിന് സംസ്ഥാന പെട്രോളിയം കോര്‍പറേഷന്‍ ഭീമമായ സംഖ്യ വായ്പയെടുത്ത് കടക്കെണിയിലായത് വിവാദത്തില്‍. പെട്രോളിയം കോര്‍പറേഷന്‍െറ വായ്പാഭാരം 2015ല്‍ 19,716 കോടി രൂപയാണെന്ന് ചൂണ്ടിക്കാട്ടുന്ന സി.എ.ജി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊതുപണ ദുരുപയോഗത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ആസൂത്രണമില്ലാതെ ഗുജറാത്തിനെ വന്‍സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കുകയാണ് മോദി ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു. പ്രധാനമന്ത്രി നിയമത്തിന് അതീതമല്ല. 20,000 കോടി രൂപ പാഴാക്കിയത് അവഗണിക്കാന്‍ പറ്റുന്നതല്ല.
കഴിഞ്ഞയാഴ്ച ഗുജറാത്ത് നിയമസഭയില്‍വെച്ച റിപ്പോര്‍ട്ടിലാണ് വാതക ഖനന പദ്ധതിയെ സി.എ.ജി വിമര്‍ശിച്ചത്. തീരുമാനമെടുത്ത് പതിറ്റാണ്ടു കഴിഞ്ഞിട്ടും കൃഷ്ണ-ഗോദാവരി തടത്തില്‍നിന്ന് വാതകം ഉല്‍പാദിപ്പിക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടില്ല.
ഗുജറാത്ത് പെട്രോളിയം കോര്‍പറേഷന്‍ വാതക സാന്നിധ്യം കണ്ടതായി അക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന മോദി പറഞ്ഞിരുന്നു. 5000 കോടി ഡോളര്‍ വിലമതിക്കുന്ന 20 ദശലക്ഷം ഘനയടി വാതകം കണ്ടത്തെിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.  വാതക ഖനനത്തെക്കുറിച്ച് വലിയ പ്രചാരണമാണ് നല്‍കിയത്. നിക്ഷേപകരെ ക്ഷണിച്ചു. രണ്ട് കമ്പനികള്‍ രൂപവല്‍ക്കരിച്ചു. എന്നാല്‍ കമ്പനികള്‍ ഇന്ന് നിര്‍ജീവമാണ്. സംസ്ഥാന ഖജനാവിന് ഭീമമായ നഷ്ടമുണ്ടായി.
2011നു ശേഷം കെ.ജി ബ്ളോക്കിലെ പ്രവര്‍ത്തനങ്ങള്‍മൂലം ചെലവില്‍ 177 ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. 2011-12ല്‍ 982 കോടിയായിരുന്ന പലിശഭാരം 2014-15 വര്‍ഷമത്തെിയപ്പോള്‍ 1805 കോടിയായി ഉയര്‍ന്നു. വരുമാനത്തിന്‍െറ പത്തിരട്ടിയാണ് വായ്പാ തിരിച്ചടവിനും പലിശക്കുമായി കണ്ടെത്തേണ്ടത്.
ചെലവ്, സാങ്കേതികവിദ്യ, വാതകവില എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വേണ്ടവിധം കമ്പനി വിലയിരുത്താത്തതുകൊണ്ടാണ് ഭീമമായ നഷ്ടം നേരിട്ടതെന്ന് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.