ന്യൂഡല്‍ഹി: ദേശീയതലത്തില്‍ സുപ്രധാന പങ്കുവഹിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറ നേതൃത്വത്തില്‍ മുന്നൊരുക്കം നടത്തുന്ന ജനതാദള്‍-യു പുതിയ ചിഹ്നത്തിനുള്ള ശ്രമത്തില്‍. അസ്ത്രമാണ് ജെ.ഡി.യുവിന്‍െറ ചിഹ്നം. എന്നാല്‍, ശിവസേനക്കും ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചക്കും സമാന രൂപമുള്ള ചിഹ്നങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രശ്നം സൃഷ്ടിച്ചിരുന്നു. സംസ്ഥാനത്ത് സ്വാധീനമൊന്നുമില്ലാതിരുന്ന ശിവസേന ഒരു മണ്ഡലത്തില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥി പിടിച്ചത് 72,000 വോട്ടാണ്. ചിഹ്നം വോട്ടര്‍മാര്‍ തെറ്റിദ്ധരിച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ജെ.ഡി.യു കരുതുന്നു. ദേശീയ തലത്തില്‍ ജെ.ഡി.യുവുമായി സഹകരിക്കുന്ന പാര്‍ട്ടികള്‍ക്കുകൂടി സ്വീകാര്യമായൊരു ചിഹ്നത്തിനായി പാര്‍ട്ടി തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചിട്ടുണ്ട്.
യു.പിയില്‍ അജിത് സിങ്ങിന്‍െറ ആര്‍.എല്‍.ഡി, ഝാര്‍ഖണ്ഡ് കക്ഷിയായ ബാബുലാല്‍ മറാണ്ടിയുടെ ജെ.വി.എം എന്നിവയും ജെ.ഡി.യുവുമായി ലയനചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജെ.എം.എമ്മിന്‍െറ ചിഹ്നത്തോട് സമാനമാണ് ജെ.ഡി.യു ചിഹ്നമെന്നത് ഝാര്‍ഖണ്ഡില്‍ പ്രശ്നങ്ങളുണ്ടാക്കും.
ചക്രമായിരുന്നു ജനതാദള്‍ പിറന്നപ്പോള്‍ ചിഹ്നം. എന്നാല്‍, ദേവഗൗഡയും സംഘവും പിളര്‍ന്നു മാറിയതോടെ അത് മരവിപ്പിക്കപ്പെട്ടു. പാടത്തെ കര്‍ഷകനാണ് ദേവഗൗഡയുടെ ജനതാദള്‍-എസ് സ്വീകരിച്ച ചിഹ്നം. അതുകൊണ്ട് ചക്രം തിരിച്ചുകിട്ടാന്‍ നിതീഷ്കുമാര്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ദേവഗൗഡക്ക് സമ്മതമല്ല. ഏറെക്കാലം ഒപ്പമുണ്ടായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ ജെ.ഡി.യുവില്‍ ലയിച്ചത് അതൃപ്തിക്ക് ആക്കംപകരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.