ഹന്ദ്വാര വെടിവെപ്പ്: സ്കൂൾ വിദ്യാർഥിനിയും പിതാവും പൊലീസ് കസ്റ്റഡിയിൽ

ശ്രീനഗർ: ഹന്ദ്വാരയിൽ സൈനികൻ പീഡിപ്പിച്ചുവെന്ന ആരോപണത്തിനിരയായ സ്കൂൾ വിദ്യാർഥിനി മൂന്ന് ദിവസമായി പൊലീസ് കസ്റ്റഡിയിൽ. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ കസ്റ്റഡിയിൽ നിന്ന് വിട്ടയക്കുന്നതിന് പൊലീസ് സ്റ്റേഷനിലേക്കെത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് സ്റ്റേഷനിലെത്തിയ പിതാവിനെ കസ്റ്റഡിയിൽ വെക്കുകയായിരുന്നു.

അതേസമയം, പെൺകുട്ടിയും പിതാവും സുരക്ഷിത കസ്റ്റഡിയിലാണെന്നാണ് പൊലീസ് വിശദീകരണം. പെൺകുട്ടിയുടെ കുടുംബം പൊലീസിന്‍റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഉത്തം ചന്ദ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പൊലീസിന്‍റെ വിശദീകരണത്തെ എതിർത്ത് പൗരാവകാശ സംഘടനകൾ രംഗത്തെത്തി. പെൺകുട്ടിക്ക് വീട്ടിൽ വെച്ചാണ് പൊലീസ് സംരക്ഷണം നൽകേണ്ടതെന്നും പൊലീസ് സ്റ്റേഷനിൽ വെച്ചല്ലെന്നും ജെ ആന്റ് കെ സിവിൽ സൊസൈറ്റി പ്രോഗ്രാം കോർഡിനേറ്റർ ഖുറാം പർവേസ് പറഞ്ഞു.

തന്നെ സൈനികൻ പീഡിപ്പിച്ചില്ലെന്ന പെൺകുട്ടിയുടെ വിഡിയോ പൊലീസ് പുറത്തുവിട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് റെക്കോർഡ് ചെയ്ത വിഡിയോയാണ് പുറത്ത് വിട്ടത്. പെൺകുട്ടിയോട് സംസാരിക്കാൻ പൊലീസ് ആവശ്യപ്പെടുന്നതിന്‍റെ ശബ്ദവും വിഡിയോയിലുണ്ട്.

വിദ്യാർഥിനിയെ പീഡിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തി‍യ പ്രക്ഷോഭത്തിന് നേരെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കശ്മീർ താഴ്വര പ്രക്ഷുബ്ദമാവുകയും വ്യാപക പ്രതിഷേധവുമുണ്ടാവുകയും ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍, യുവ ക്രിക്കറ്റ് താരം നഈം ഭട്ട് വീടിനരികെ വയലില്‍ ജോലിയിലേര്‍പ്പെട്ടിരിക്കുകയായിരുന്ന രാജ ബീഗം എന്നിവരാണ്  സൈന്യം നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.