സുരേഷ് ഗോപിയും മേരി കോമും അടക്കം ആറുപേർ രാജ്യസഭയിലേക്ക്

ന്യൂഡൽഹി: പാർലമെൻറിൻെറ ഉപരിസഭയായ രാജ്യസഭയിലേക്ക് ആറു പേരെ പുതുതായി നാമനിർദേശം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നാമനിർദേശത്തിലൂടെ അംഗങ്ങളാകുന്നവരുടെ ഏഴ് ഒഴിവുകളാണ് ഇപ്പോഴുള്ളത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുമായി അടുപ്പമുള്ളവരാണ് നാമനിർദേശം ചെയ്യപ്പെട്ടവരിൽ അധികപേരും. കേരളത്തിൽ നിന്ന് നടൻ സുരേഷ് ഗോപിയെ നാമനിർദേശം ചെയ്യാൻ തീരുമാനിച്ച കാര്യം നേരത്തെ പുറത്തുവന്നിരുന്നു.

സുരേഷ് ഗോപിക്ക് പുറമെ ബി.ജെ.പിയുടെ സുബ്രമണ്യൻ സ്വാമി, പത്രപ്രവർത്തകനും ബി.ജെ.പി സഹയാത്രികനുമായ സ്വപൻ ദാസ് ഗുപ്ത, സാമ്പത്തിക ശാസ്ത്രജ്ഞനും ദേശീയ ഉപദേശക സമിതി മുൻ അംഗവുമായ നരേന്ദ്ര ജാദവ്, ബോക്സിങ് താരം മേരി കോം എന്നിവരാണ് പുതുതായി നാമനിർദേശം ലഭിച്ചവർ. മുൻ ക്രിക്കറ്റ് താരവും ലോക്സഭയിൽ ബി.ജെ.പി മുൻ എം.പിയുമായ നവജ്യോത് സിങ് സിദ്ദുവിനെയും സർക്കാർ നാമനിർദേശം ചെയ്യുമെന്നാണറിയുന്നത്.

ഏഴാമൻെറ കാര്യത്തിൽ തർക്കം നടക്കുകയാണ്. നടൻ അനുപം ഖേർ പത്രപ്രവർത്തകൻ രജത് ശർമ എന്നിവരാണ് പരിഗണനയിലുള്ളത്. കേന്ദ്ര സർക്കാറിൻെറ നിർദേശപ്രകാരം രാഷ്ട്രപതിയാണ് രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യേണ്ടവരുടെ പേര് ശിപാർശ ചെയ്യുന്നത്. കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹ്യപ്രവർത്തനം എന്നീ മേഖലകളിലുള്ളവരെയാണ് രാജ്യസഭയിലേക്ക് പരിഗണിക്കുന്നത്.

വ്യവസായ വിദഗ്ധൻ അശോക് ഗാംഗുലി, പത്രപ്രവർത്തകൻ എച്ച്.കെ ദുവ, കോൺഗ്രസിൻെറ മണിശങ്കർ അയ്യർ, ഗാനരചയിതാവ് ജാവേദ് അഖ്തർ, മുതിർന്ന നാടക നടി ബി. ജയശ്രീ, വിദ്യാഭ്യാസ പ്രവർത്തകൻ മൃണാൾ മിരി, സാമ്പത്തിക ശാസ്ത്രജ്ഞൻ ഭൽചന്ദ്ര മുംഗേകർ എന്നിവരുടെ കാലാവധി തീർന്നതോടെയാണ് രാജ്യസഭയിൽ ഒഴിവുവന്നത്.  

കായികരംഗത്തെ മികവിന് പുറമെ കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിനിധി എന്ന നിലയിൽ കൂടിയാണ് മേരി കോമിനെ നാമനിർദേശം ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച സുരേഷ് ഗോപിക്ക് അപ്രതീക്ഷിതമായാണ് നാമനിർദേശം ലഭിച്ചത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകനാണ് സുരേഷ് ഗോപി.

പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ എ.എ.പിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നവജ്യോത് സിങ് സിദ്ദുവിന് രാജ്യസഭാ അംഗത്വം നൽകാൻ തീരുമാനിച്ചത്. മൂന്ന് തവണ അമൃത്സറിൽ നിന്ന് ലോക്സഭാംഗമായ സിദ്ദു, 2014ലെ തെരഞ്ഞെടുപ്പിൽ അരുൺ ജെയ്റ്റ് ലിക്കുവേണ്ടി ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ ജെയ്റ്റ് ലി അമരീന്ദർ സിങ്ങിനോട് പരാജയപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.