പട്ന: കാവിസഖ്യത്തെ തോല്‍പിക്കാന്‍ ബി.ജെ.പി ഇതര ശക്തികളെ കൂട്ടിയിണക്കുന്നതിന് ഘടകമായി വര്‍ത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍-യു പ്രസിഡന്‍റുമായ നിതീഷ്കുമാര്‍. ഈ നീക്കത്തില്‍ ഏതെങ്കിലുമൊരു പദവിക്ക് അവകാശമുന്നയിക്കുന്നില്ല. നേതൃത്വ വിഷയം കാലം തീരുമാനിക്കും -നിതീഷ് പറഞ്ഞു.ജനതാദള്‍-യു ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നിതീഷ്കുമാര്‍. ലയനമോ, സഖ്യമോ, ധാരണയോ എന്തുമാകട്ടെ, ബി.ജെ.പി വിരുദ്ധ ശക്തികളുടെ ഐക്യമാണ് ഉണ്ടാകേണ്ടതെന്ന് നിതീഷ് പറഞ്ഞു.
സ്വയം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ ഒരാളുടെ സ്വപ്നം ഒരിക്കലും സഫലമാവില്ല. ഒരാള്‍ക്ക് പ്രധാനമന്ത്രിയാകാനാണ് നിയോഗമെങ്കില്‍, ഒരു ദിവസം അയാള്‍ പ്രധാനമന്ത്രിയാകും. ജനങ്ങളോട് ഒന്നിക്കാന്‍ പറയുന്നത് കുറ്റമല്ല. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്‍െറയും ആശയങ്ങള്‍ നല്‍കുന്ന വെല്ലുവിളിയാണ് രാജ്യത്തിന് മുന്നിലുള്ളത്. ആദ്യം വേണ്ടത് ബി.ജെ.പിക്കെതിരെ ഒന്നിക്കുകയാണെന്ന് നിതീഷ് പറഞ്ഞു. ഇതിന് എല്ലാവരും ത്യാഗം ചെയ്യണം. ഒരു പൊതുലക്ഷ്യത്തിനു വേണ്ടി താനും ലാലുപ്രസാദും ത്യാഗത്തിന് തയാറില്ലായിരുന്നെങ്കില്‍ വിശാല മതേതര സഖ്യം ബിഹാറില്‍ ഉണ്ടാകുമായിരുന്നില്ല.
കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ബി.ജെ.പി വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. ബി.ജെ.പി സമൂഹത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുകയാണ്. ബി.ജെ.പി വിരുദ്ധ ചേരി ഒന്നിച്ചുനിന്നാല്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കില്ല -നിതീഷ് പറഞ്ഞു. സംഘ്മുക്ത ഭാരതത്തിനായി ഒന്നിക്കാന്‍ നിതീഷ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബിഹാര്‍ പരീക്ഷണം ദേശീയതലത്തില്‍ ആവര്‍ത്തിക്കുമെന്നും ബി.ജെ.പി പുറത്താകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രസിഡന്‍റായി നിതീഷിനെ തെരഞ്ഞെടുത്തത് ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.