അലീഗഢ് വാഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വെടിവെപ്പ്; രണ്ട് മരണം

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം വാഴ്സിറ്റിയില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലും വെടിവപ്പും. വെടിവെപ്പില്‍ ഗാസിപുര്‍ സ്വദേശിയായ സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ഥി മെഹ്താബ്, എഞ്ചിനീയറിംഗ് പ്രവേശ പരീക്ഷകള്‍ക്ക് തയാറെടുക്കുകയായിരുന്ന മുഹമ്മദ് വാഖിഫ് എന്നിവര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാമ്പസില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രാദേശിക ചേരിപ്പോരിന്‍െറ തുടര്‍ച്ചയാണ് അക്രമം.
വെള്ളിയാഴ്ച മൗലാനാ ആസാദ് ലൈബ്രറിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ നിസ്സാര പ്രശ്നത്തെച്ചൊല്ലി ഉടലെടുത്ത തര്‍ക്കം പതിവുപോലെ സംഭല്‍-അസംഗഢ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തമ്മിലെ ചേരിതിരിഞ്ഞ സംഘട്ടനമായി മാറുകയായിരുന്നു. ശനിയാഴ്ച രാത്രി സായുധരായി സംഘടിച്ചത്തെിയവര്‍ മുംതാസ് ഹോസ്റ്റലില്‍ താമസിക്കുന്ന മുഹ്സിന്‍ എന്ന വിദ്യാര്‍ഥിയെ ആക്രമിക്കുകയും മുറിക്ക് തീ വെക്കുകയും ചെയ്തു. ഇയാള്‍ പരാതിയുമായി പ്രോക്ടറുടെ ഓഫിസിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് വെടിവെപ്പ് ആരംഭിച്ചു. ഇതിനിടെ വെടിയേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല.
സംഭലില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ അസംഗഢ് വിദ്യാര്‍ഥികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ മൂന്നു വാഹനങ്ങളും നിരവധി ബൈക്കുകളും തീവെപ്പില്‍ നശിച്ചു.
പ്രോക്ടറുടെ ഓഫിസിനും ആക്രമികള്‍ തീയിട്ടു. ഡി.ഐ.ജി ഗോവിന്ദ് അഗര്‍വാളിന്‍െറ നേതൃത്വത്തില്‍ രണ്ടു മണിക്കൂറിലേറെ പണിപ്പെട്ടാണ് പൊലീസ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്. സംഭവത്തില്‍ എം.എ. വിദ്യാര്‍ഥിയായ മുഹ്സിന്‍ ഇഖ്ബാല്‍ അടക്കം എട്ട് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥിയടക്കം എന്‍ജിനീയറിങ് പ്രവേശപരീക്ഷയുടെ പശ്ചാത്തലത്തില്‍ കാമ്പസിലൊട്ടാകെ ദ്രുതകര്‍മസേനയെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന്‍െറ കാരണം അന്വേഷിച്ചുവരികയാണെന്ന് ഡെപ്യൂട്ടി പ്രോക്ടര്‍ മസൂദ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.