കര്‍ഫ്യൂവിന് അയവില്ല; പെല്ലറ്റ് പ്രയോഗത്തില്‍ ദമ്പതികള്‍ക്ക് പരിക്ക്

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ട്രാല്‍ ഭാഗത്ത് വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന റെയ്ഡിനിടെ വയോധിക ദമ്പതികള്‍ക്ക് സുരക്ഷാസേനയുടെ പെല്ലറ്റ് പ്രയോഗത്തില്‍ ഗുരുതര പരിക്കേറ്റു. അബ്ദുല്‍ ഖയ്യൂം (80), നസീറ ബീഗം (75) എന്നിവര്‍ക്കാണ് പരിക്ക്. ഇവരുടെ മകന്‍ ഷബീര്‍ അഹ്മദ് ഫല്ലാഹിയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്‍െറയും സി.ആര്‍.പി.എഫിന്‍െറയും നീക്കം തടഞ്ഞപ്പോഴാണ് ദമ്പതികള്‍ക്കുനേരെ നിറയൊഴിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ദമ്പതികളെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുകുടലില്‍ മുറിവുണ്ടാവുകയും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാകുകയും ചെയ്ത ഖയ്യൂമിന്‍െറ ശരീരത്തില്‍നിന്ന് പെല്ലറ്റ് നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ നടത്തി. നസീറയുടെ തോളിലാണ് പെല്ലറ്റ് തറച്ചത്. തൊട്ടടുത്തുനിന്നാണ് ഇരുവര്‍ക്കുമെതിരെ പെല്ലറ്റ് പ്രയോഗിച്ചതെന്ന് ഇവരെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു. റാലി നടത്തിയെന്ന കുറ്റത്തിനാണ് ഷബീറിനെ തേടി പൊലീസ് എത്തിയത്. അതിനിടെ, കോളജ് അധ്യാപകന്‍ ഷബീര്‍ അഹ്മദ് മോംഗ (32) സൈന്യത്തിന്‍െറ അടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ സമ്മതിച്ചു.

സൈനികരും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നായിരുന്നു നേരത്തേ സൈന്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീനഗറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ ഖ്രൂ ഗ്രാമത്തില്‍ സൈനിക റെയ്ഡിനിടെ അധ്യാപകനെ സൈന്യം കൊലപ്പെടുത്തിയത്. അധ്യാപകന്‍െറ കൊലപാതകം നീതീകരിക്കാന്‍ കഴിയുന്നതല്ളെന്ന് കഴിഞ്ഞദിവസം കരസേന കമാന്‍ഡര്‍ ഡി.എസ്. ഹൂഡ പറഞ്ഞിരുന്നു.

ശ്രീനഗറിലും ദക്ഷിണ കശ്മീരിലെ രണ്ട് നഗരങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. ജൂലൈ എട്ടിന് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തത്തെുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷങ്ങളത്തെുടര്‍ന്ന് 43ാം ദിവസവും ജനജീവിതം തടസ്സപ്പെട്ടു. ശ്രീനഗര്‍ ജില്ലയിലുടനീളം കര്‍ഫ്യൂവാണ്. അനന്ത്നാഗ്, പാംപോര്‍ നഗരങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. താഴ്വരയില്‍ മറ്റിടങ്ങളില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് നിയന്ത്രണമുണ്ട്. സ്കൂളുകളും കോളജുകളും സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. ബസുകളും ഓടുന്നില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍ നില കുറവാണ്. മൊബൈല്‍ ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനം എന്നിവ വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പോസ്റ്റ് പെയ്ഡ് മൊബൈല്‍ സേവനം പുന$സ്ഥാപിച്ചിട്ടുണ്ട്.

പ്രീപെയ്ഡ് മൊബൈല്‍ ഫോണുകളില്‍നിന്ന് പുറത്തേക്ക് വിളിക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുള്ള സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായി ആഗസ്റ്റ് 13നാണ് മൊബൈല്‍ ഫോണ്‍ സേവനം വിച്ഛേദിച്ചത്. വിഘടനവാദികളുടെ പ്രക്ഷോഭം ആഗസ്റ്റ് 25 വരെ നീട്ടിയിട്ടുണ്ട്. സ്വാതന്ത്ര്യദിനം മുതല്‍ അര്‍ധരാത്രി സുരക്ഷാസേന വ്യാപകമായി റെയ്ഡ് നടത്തിവരുകയാണ്. സുരക്ഷാ സൈനികരും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കോളജ് അധ്യാപകന്‍ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ദമ്പതികള്‍ക്കുനേരെ പെല്ലറ്റ് ആക്രമണമുണ്ടായത്. കോളജ് അധ്യാപകനായ ഷബീര്‍ അഹ്മദ് മോംഗയുടെ മരണത്തെതുടര്‍ന്ന് പരമാവധി സംയമനം പാലിക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. സംഘര്‍ഷങ്ങളില്‍ 43 ദിവസത്തിനിടെ സംസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 64 പേരാണ് കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.