റബര്‍: ന്യായവിലയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റബര്‍ ബോര്‍ഡിനെ നിയോഗിച്ചു

ന്യൂഡല്‍ഹി:  റബര്‍ വിലത്തകര്‍ച്ചക്ക് പോംവഴി ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ കേന്ദ്രം സഹായ പദ്ധതികളൊന്നും മുന്നോട്ടു വെച്ചില്ല. കര്‍ഷകരുടെ ദുരിതം കേരള എം.പിമാരും സംഘടനകളും ആവര്‍ത്തിച്ച് ഉന്നയിച്ചെങ്കിലും, ന്യായവില ഉറപ്പാക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയും പഠനവും വേണമെന്ന നിലപാടിലായിരുന്നു വാണിജ്യ മന്ത്രാലയം. ന്യായവില നിശ്ചയിക്കുന്നതിനെ കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ റബര്‍ ബോര്‍ഡിനെ നിയോഗിച്ചതായി മന്ത്രി നിര്‍മല സീതാരാമന്‍ യോഗത്തെ അറിയിച്ചു. ചര്‍ച്ചയില്‍ എം.പിമാര്‍ നിരാശ പ്രകടിപ്പിച്ചു. കേരളം അടക്കം റബര്‍ ഉല്‍പാദക സംസ്ഥാനങ്ങളിലെ എം.പിമാര്‍, റബര്‍ അധിഷ്ഠിത വിവിധ സംഘടനകള്‍, വ്യവസായികള്‍ എന്നിവരുടെ പ്രതിനിധി യോഗമാണ് കേന്ദ്രം വിളിച്ചത്. റബര്‍ മേഖലയിലെ പ്രതിസന്ധി പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു യോഗം.

റബര്‍ ഇറക്കുമതി കുറക്കുകയും ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള ഗുണനിലവാരമില്ലാത്ത റബര്‍ കൂടുതല്‍ ഇറക്കുമതി ചെയ്തു അമിത ലാഭം ഉണ്ടാക്കുകയാണ് വ്യവസായികള്‍. ഇറക്കുമതി ചെയ്യന്ന റബറിനു സെസും, കര്‍ഷകര്‍ക്കു വിലയിടിവ് സഹായ ഫണ്ടും ഏര്‍പ്പെടുത്തണം. വ്യവസായികള്‍ക്കും സര്‍ക്കാറിനും ലഭിക്കുന്ന അധിക വരുമാനത്തിലെ 10 ശതമാനം നികുതിയായി ഈടാക്കി കര്‍ഷകര്‍ക്കു കൈമാറണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു. പക്ഷേ, ആവശ്യം മന്ത്രി തള്ളി. എം.പിമാരായ ജോയി എബ്രഹാം, എ. സമ്പത്ത്, ജോയ്സ് ജോര്‍ജ്, പി.കെ. ശ്രീമതി, സി.പി. നാരായണന്‍, ജോസ് കെ. മാണി, ആന്‍േറാ ആന്‍റണി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.