ന്യൂഡല്‍ഹി: സ്കൂളുകളില്‍ സര്‍ക്കാര്‍ സബ്സിഡിയോടെ നടത്തുന്ന സൗജന്യ ഉച്ചക്കഞ്ഞി വിതരണത്തിനും ഇനി ആധാര്‍. ഉച്ചക്കഞ്ഞിയുടെ ഗുണഭോക്താക്കളായ നിര്‍ധന കുട്ടികള്‍ക്ക് ആധാര്‍ ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു. തുടര്‍നടപടികള്‍ വൈകാതെ ഉണ്ടാകും.
ആധാര്‍ ഇല്ളെന്നു കരുതി ഉച്ചക്കഞ്ഞി നിഷേധിക്കില്ല. ഉച്ചക്കഞ്ഞി കഴിക്കുന്നവരില്‍ ആധാര്‍ ഇല്ലാത്തവരെ, ആധാറില്‍ രജിസ്റ്റര്‍ ചെയ്യും. ഗുണഭോക്താക്കളായ കുട്ടികളുടെ വ്യക്തമായ പട്ടിക ഉണ്ടാക്കുകയും അവരെ ആധാറുമായി ബന്ധിപ്പിക്കുകയും വഴി ഉച്ചക്കഞ്ഞി ഇനത്തിലെ സബ്സിഡി ചോര്‍ച്ചയും വെട്ടിപ്പും ഘട്ടംഘട്ടമായി ഒഴിവാക്കാമെന്നാണ് വിലയിരുത്തല്‍.
പ്രായപൂര്‍ത്തിയായ 98 ശതമാനം പേര്‍ക്കും ആധാര്‍ നല്‍കിക്കഴിഞ്ഞെങ്കിലും കുട്ടികളുടെ കാര്യമെടുത്താല്‍ നാലിലൊന്നു പേര്‍ക്കും ആധാര്‍ ഇല്ല. അതേസമയം, സര്‍ക്കാറിന്‍െറ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളില്‍ നല്ല പങ്ക് കുട്ടികളാണ്. ഇതു കണക്കിലെടുത്ത് വിവിധ പദ്ധതി ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് ആധാര്‍ നല്‍കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. സ്കോളര്‍ഷിപ് കിട്ടാന്‍ ആധാറുമായി രജിസ്റ്റര്‍ ചെയ്യേണ്ടത് ഇതിനകം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നല്‍കുന്ന ഗ്രാന്‍റ് ആധാര്‍ അധിഷ്ഠിത വിദ്യാര്‍ഥി രജിസ്റ്ററിനെ അടിസ്ഥാനപ്പെടുത്തിയാകണമെന്ന് സംസ്ഥാനങ്ങളെ ഉപദേശിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വനിത-ശിശുവികസന, മാനവശേഷി വികസന മന്ത്രാലയങ്ങളോടും സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയോടും നിര്‍ദേശിച്ചിട്ടുണ്ട്.
സര്‍വശിക്ഷാ അഭിയാന്‍, രാഷ്ട്രീയ മധ്യമിക് ശിക്ഷാ അഭിയാന്‍, സംയോജിത ശിശുവികസന പരിപാടി, സംയോജിത ശിശു സംരക്ഷണ പദ്ധതി എന്നിവയും ആധാറുമായി ബന്ധിപ്പിക്കും. ഖജനാവില്‍നിന്ന് ചെലവാക്കുന്ന പണത്തിന്‍െറ ഗുണഭോക്താക്കളെ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ആധാര്‍ നിയമം വ്യവസ്ഥ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ഉച്ചഭക്ഷണ പദ്ധതിക്ക് വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിവര്‍ഷം 10,000 കോടി രൂപ കേന്ദ്രം നല്‍കുന്നുണ്ടെന്നാണ് കണക്ക്. സര്‍വശിക്ഷാ അഭിയാന് നീക്കിവെക്കുന്നത് 22,500 കോടി രൂപയാണ്. സംയോജിത ശിശുവികസന പദ്ധതിയായ ഐ.സി.ഡി.എസിനുള്ള കേന്ദ്രവിഹിതം 8300 കോടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.