രാജ് താക്കറെയുടെ അനുമതിയോടെ താനെയില്‍ ദഹിഹന്ദി ഉയര്‍ത്തിയത് 49 അടി ഉയരത്തില്‍

താനെ: ദഹി ഹന്ദിക്ക് സുപ്രീംകോടതി നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ മഹാരാഷ്ട്രയിയിലെ താനെയില്‍ തൈരുകുടമുയര്‍ത്തിയത് 49 അടി ഉയരത്തില്‍. ജന്മാഷ്ടമി ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ദഹി ഹന്ദിയില്‍ മനുഷ്യപിരമിഡിന്‍റെ ഉയരം 20 അടി കവിയരുതെന്ന സുപ്രീംകോടതി നിര്‍ദേശം നിലനില്‍ക്കെയാണ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കെയുടെ അനുമതിയോടെ 49 അടി ഉയരത്തില്‍ തൈരുകുടം കെട്ടിയിരിക്കുന്നത്. ഇത് സുപ്രീംകോടതി നിര്‍ദേശിച്ചതിന്‍റെ ഇരട്ടിലധികമാണ്.

‘‘കൃഷ്ണന്‍റെ ജന്മദിനാഘോഷങ്ങള്‍ ഉദ്ദേശിച്ച തരത്തില്‍ തന്നെ നടക്കണമെന്ന്’’ താക്കറെ അറിയിച്ചിട്ടുണ്ടെന്ന് താനെയില്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്ന അവിനാശ് ജാദവ് പറഞ്ഞു.  ഉത്സവങ്ങള്‍ എങ്ങനെ ആഘോഷിക്കണമെന്നത് സുപ്രീംകോടതിക്ക് നിര്‍ദേശിക്കാനാവില്ല. ആഘോഷങ്ങള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരുന്നത് നിയമലംഘനമാണ്. ഇതില്‍ സുപ്രീംകോടതി  നിര്‍ദേശങ്ങള്‍ പാലിക്കാതെ ജയിലില്‍ പോകാനും ഒരുക്കമാണെന്ന് അവിനാശ് പറഞ്ഞു.  താനെയിലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാജ് താക്കറെ എത്തുമെന്നാണ് അനുയായികള്‍ പ്രതീക്ഷിക്കുന്നത്.

നല്ല ഉയരത്തില്‍ കയറില്‍ കെട്ടിത്തൂക്കിയ തൈരുകൂടങ്ങള്‍ മനുഷ്യപ്പിരമിഡ് സൃഷ്ടിച്ച് അടിച്ചു പൊട്ടിക്കുന്ന ഉറിയടി മത്സരം മഹാരാഷ്ട്രയില്‍ പ്രസിദ്ധമാണ്. ജന്മാഷ്ടമി, ഗണേശോത്സവം, നവരാത്രി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി ദഹി ഹന്ദി മത്സരം നടക്കാറുണ്ട്.  മനുഷ്യപ്പിരമിഡിന്‍്റെ പരമാവധി ഉയരം 20 അടിയില്‍  കൂടരുതെന്നും പതിനെട്ടു വയസ്സിനു താഴെയുള്ളവരെ മത്സരത്തില്‍ പങ്കെടുപ്പിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പലയിടത്തും 20 അടിയിലും ഉയരത്തില്‍ ദഹി ഹന്ദികള്‍ ഉയര്‍ന്നിട്ടും പൊലീസ് മൗനം പാലിക്കയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.