ബീഫ് ഫെസ്റ്റുകളെ പ്രതിരോധിക്കാന്‍ ആര്‍.എസ്.എസിന്‍െറ മില്‍ക് പാര്‍ട്ടി


ന്യൂഡല്‍ഹി: മാട്ടിറച്ചി നിരോധത്തിനെതിരെ വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ബീഫ് ഫെസ്റ്റിവലിനെ പ്രതിരോധിക്കാന്‍ ആര്‍.എസ്.എസിന്‍െറ പുതിയ തന്ത്രം. ആര്‍.എസ്.എസിന്‍െറ മുസ്ലിം ഘടകമായ മുസ്ലിം രാഷ്ട്രീയ മഞ്ചിനെ (എം.ആര്‍.എം) രംഗത്തിറക്കി ബീഫ് ഫെസ്റ്റിവലുകളെ തടയാനാണ് പുതിയ ശ്രമം. മാര്‍ച്ച് മുതല്‍ ബീഫ് ഫെസ്റ്റിന് ബദലായി രാജ്യമൊട്ടാകെ ‘മില്‍ക് പാര്‍ട്ടികള്‍’ നടത്തുമെന്ന് എം.ആര്‍.എം അറിയിച്ചതായി ദി ഹിന്ദുസ്ഥാന്‍ ടൈംസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മാട്ടിറച്ചി കഴിക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ പലരും രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നുവെന്നാണ് എം.ആര്‍.എമ്മിന്‍െറ വാദം. ഇത് ജനങ്ങളെ ഭിന്നിപ്പിലേക്ക് നയിക്കും. ഇതിനെതിരെയാണ് മില്‍ക്കി പാര്‍ട്ടിയെന്നും അവര്‍ വ്യക്തമാക്കി.
രാജ്യത്ത് സമാധാനം നിലനില്‍ക്കുന്നതിനായി പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ക്കും എം.ആര്‍.എം രൂപം നല്‍കിയിട്ടുണ്ട്. ഈ മാസം 18 മുതല്‍ 25 വരെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഖുര്‍ആനിലെ ആയത്തുല്‍ കരീമ എന്ന സൂക്തം ഒന്നേകാല്‍ ലക്ഷം പ്രാവശ്യം ചൊല്ലുന്ന ചടങ്ങാണിതെന്ന് സംഘടന വക്താവ് മുഹമ്മദ് അഫ്സല്‍ പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ടും വിവിധ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.