ഫ്ലീറ്റ് റിവ്യൂ: കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവികസേന

വിശാഖപട്ടണം: ലോക രാജ്യങ്ങൾ പങ്കെടുത്ത സംയുക്ത സൈനികാഭ്യാസത്തിൽ കരുത്ത് തെളിയിച്ച് ഇന്ത്യൻ നാവികസേന. 50ലധികം രാജ്യങ്ങളിലെ നാലായിരത്തോളം നാവികരും 74 യുദ്ധ കപ്പലുകളും പങ്കെടുക്കുന്ന സൈനികാഭ്യാസം ബംഗാൾ ഉൾക്കടലിലാണ് നടന്നത്. ഇതിൽ 24 കപ്പലുകൾ യു.എസ്, ചൈന, ബ്രസീൽ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയതാണ്.

നാവികസേനകളുടെ ഫ്ലീറ്റ് റിവ്യൂ വീക്ഷിക്കുന്ന രാഷ്ട്രപതിയും പ്രധാനമന്ത്രിയും
 

ഇന്ത്യയുടെ സർവസൈന്യാധിപനായ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. രാഷ്ട്രപതിയെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും 23 രാജ്യങ്ങളിലെ നാവികസേനാ മേധാവികളും സൈനികാഭ്യാസം വീക്ഷിക്കാൻ എത്തിയിരുന്നു. രാഷ്ട്രപതിക്ക് ആദരമര്‍പ്പിച്ച് 21 ആചാരവെടി മുഴങ്ങിയതോടെയാണ് നാവികാഭ്യാസത്തിന് തുടക്കമായത്. ഫ്ലീറ്റ് റിവ്യൂ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചെന്ന് ഐ.എൻ.എസ് സുമിത്രയിൽ ഇരുന്ന് സൈനികാഭ്യാസം നിരീക്ഷിച്ച രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
ഐ.എൻ.എസ് സുമിത്ര
 


ഇന്ത്യയുടെ പായ്ക്കപ്പല്‍ ഐ.എൻ.എസ് തരംഗിണി, ഐ.എൻ.എസ് സുമേദ, ഐ.എൻ.എസ് സുകന്യ എന്നീ യുദ്ധക്കപ്പലുകളും ഐ.എൻ.എസ് സിന്ധുരാജ്, ഐ.എൻ.എസ് സിന്ധു കേസരി, ഐ.എൻ.എസ് സിന്ധു ധ്വജ് എന്നീ അന്തര്‍വാഹിനികളും ഫ്ലീറ്റ് റിവ്യൂവിൽ അണിനിരന്നു. നാവികസേനയുടെ വ്യോമ വിഭാഗത്തിന്‍റെ ഫ്ലൈ പാസ്റ്റും ചടങ്ങിൽ അരങ്ങേറി.

രണ്ടാം തവണയാണ് രാജ്യാന്തര തലത്തില്‍ ഇന്ത്യ സൈനികാഭ്യാസം സംഘടിപ്പിക്കുന്നത്. 2001ൽ എ.പി.ജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്നപ്പോൾ മുംബൈ തീരത്തായിരുന്നു ആദ്യ ഫ്ലീറ്റ് റിവ്യൂ നടന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.