തമിഴ്നാട്ടിൽ വീണ്ടും കോൺഗ്രസ് -ഡി.എം.കെ സഖ്യം

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കോൺഗ്രസും ഡി.എം.കെയും തമ്മിൽ തെരഞ്ഞെടുപ്പ് സഖ്യത്തിന് ധാരണയായെന്ന് റിപ്പോർട്ട്. രാവിലെ കോൺഗ്രസ് അഖിലേന്ത്യ നേതാവ് ഗുലാം നബി ആസാദും ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് സഖ്യം പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഡി.എം.കെയുമായി ചേർന്ന് ഭരണത്തിലേറുകയാണ് ലക്ഷ്യമെന്ന് ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. വിജയകാന്തിന്‍റെ ഡി.എം.ഡി.കെ അടക്കമുള്ള കക്ഷികളുമായി സഖ്യത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൂർണ സഹകരണം കോൺഗ്രസ് വാഗ്ദാനം ചെയ്തതായി എം.കെ സ്റ്റാലിൻ പ്രതികരിച്ചു. സഖ്യത്തിലേക്ക് ഡി.എം.ഡി.കെയെ ക്ഷണിച്ചിട്ടുണ്ട്. അനുകൂല നിലപാടാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കരുണാനിധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്നിക്, ഡി.എം.കെ ട്രഷറർ എം.കെ സ്റ്റാലിൻ, രാജ്യസഭ എം.പി കനിമൊഴി, തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ ഇ.വി.കെ.എസ് ഇളങ്കോവൻ എന്നിവർ പങ്കെടുത്തു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ്-ഡി.എം.കെ സഖ്യത്തെ തൂത്തെറിഞ്ഞാണ് ജയലളിത നേതൃത്വം നല്‍കുന്ന അണ്ണാ ഡി.എം.കെ സംസ്ഥാനത്ത് അധികാരത്തിലേറിയത്. കരുണാനിധിക്ക് മുഖ്യമന്ത്രി കസേര നഷ്ടപ്പെട്ടതോടെ സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും അകന്ന് സഖ്യത്തില്‍ വിള്ളല്‍ വീണു. തുടർന്ന് ശ്രീലങ്കയിലെ തമിഴരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കോൺഗ്രസുമായുള്ള സഖ്യം ഡി.എം.കെ അവസാനിപ്പിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.