ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്ക് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ഫലങ്ങൾ അപ്രതീക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.
ഇൻഡ്യ മുന്നണിക്ക് വലിയ ജനവിധി നൽകിയ ഝാർഖണ്ഡിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ വിജയത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസിന്‍റെയും ജെ.എം.എമ്മിന്‍റെയും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്‍റെ വിജയം കൂടിയാണ് ഇൻഡ്യ സഖ്യത്തിന്‍റേതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയേയും ശരദ് പവാർ പക്ഷ എൻ.സി.പിയേയും ഏറെ പിന്നിലാക്കിയാണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്കും അജിത് പവാർ പക്ഷ എൻ.സി.പിക്കും വൻ വിജയം നേടിയത്.
57 സീറ്റിൽ ഷിൻഡെ പക്ഷവും 41 സീറ്റിൽ അജിത് പക്ഷവും ജയിച്ചു. ഉദ്ധവ് പക്ഷത്തിന് 20 സീറ്റിലും പവാർ പക്ഷത്തിന് 10ലുമാണ് ജയിക്കാനായത്. 2022 ജൂണിൽ ഉദ്ധവ് താക്കറെ സർക്കാറിനെ അട്ടിമറിച്ച്, ശിവസേനയേ പിളർത്തി ബി.ജെ.പിക്ക് ഒപ്പം പോകുമ്പോൾ ഷിൻഡെക്കൊപ്പം 40 എം.എൽ.എമാരാണ് ഉണ്ടായിരുന്നത്. പിന്നീട് എൻ.സി.പി പിളർത്തി അജിത് പോയതും 40 എം.എൽ.എമാരുമായാണ്.
തൊട്ടുപിന്നാലെ യഥാർഥ ശിവസേന ഷിൻഡെ പക്ഷവും എൻ.സി.പി അജിത് പക്ഷവുമാണെന്ന് തെരഞ്ഞെടുപ്പ് കമീഷനും നിയമസഭ സ്പീക്കറും വിധിച്ചു. ഇതിനെതിരെ ഉദ്ധവും പവാറും നൽകിയ ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യഥാർഥ ശിവസേനയും എൻ.സി.പിയും ആരുടേതെന്ന വിധികൂടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നാണ് ഇരുകൂട്ടരും പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.