ജെ.എന്‍.യു പ്രക്ഷുബ്ധം; വിദ്യാര്‍ഥികള്‍ ഇന്ന്​ പഠിപ്പുമുടക്കും

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നടന്ന പൊലീസ് നടപടിക്കും വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റിന്‍െറ അറസ്റ്റിനുമെതിരെയുള്ള വിദ്യാര്‍ഥി പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. തിങ്കളാഴ്ച പഠിപ്പുമുടക്കാന്‍ വിദ്യാര്‍ഥി സംഘടനകളും ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അധ്യാപക-അനധ്യാപക സംഘടനകളും തീരുമാനിച്ചു. അറസ്റ്റിലായ വിദ്യാര്‍ഥിയൂനിയന്‍ പ്രസിഡന്‍റിനെ കോടതിയില്‍ ഹാജരാക്കുന്ന വേളയില്‍ പിന്തുണയുമായി എത്താനും മറ്റു സര്‍വകലാശാലകളിലേക്ക് സമരം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്.

ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും പൊലീസ് കടന്നുകയറ്റങ്ങളില്‍ പ്രതിഷേധിച്ചും കാമ്പസിലും ഡല്‍ഹിയിലെ ജന്തര്‍മന്തറിലും ഞായറാഴ്ച നടന്ന ഐക്യദാര്‍ഢ്യപരിപാടിയില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഹൈദരാബാദ് ഉസ്മാനിയ സര്‍വകലാശാലയില്‍ പ്രതിഷേധം ഭയന്ന് ഏതാനും വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ,  സര്‍വകലാശാലയില്‍ നടക്കുന്ന സമരത്തില്‍ തീവ്രവാദബന്ധം ആരോപിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കുരുക്കിലായി. സര്‍വകലാശാലയില്‍ നടന്ന ചടങ്ങിന് ഭീകരവാദസംഘടനയായ ലശ്കറിന്‍െറ പിന്തുണയുണ്ടായിരുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വ്യാജ ട്വീറ്റിന്‍െറ അടിസ്ഥാനത്തില്‍ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഹഫീസ് സഈദിനെപ്പോലുള്ളവരുടെ സഹായത്തോടെ നടന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്തുണ നല്‍കി രാഷ്ട്രീയനേട്ടത്തിന് ആരും ശ്രമിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, രാജ്യത്തെ പ്രമുഖ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ഇത്ര ഗുരുതര ആരോപണം ഉന്നയിച്ചത് എന്തു തെളിവിന്‍െറ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് വിവിധ പാര്‍ട്ടിനേതാക്കളും പൗരാവകാശപ്രവര്‍ത്തകരും ആവശ്യപ്പെട്ട് രംഗത്തത്തെിയതോടെ പ്രസ്താവന വിവാദമായി.  
 

രാജ്നാഥിന്‍െറ പരാമര്‍ശം അപകടകരമായ പ്രവണതയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചു. ജെ.എന്‍.യു വിദ്യാര്‍ഥികളെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന് തെളിവ് ഹാജരാക്കാന്‍ നാഷനല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഉമര്‍ അബ്ദുല്ല കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ രാജ്യസഭാംഗം ഡി. രാജ, മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, വിനോദ് മത്തേ തുടങ്ങിയവരും മന്ത്രിയുടെ നിരുത്തരവാദിത്തത്തെ വിമര്‍ശിച്ച് രംഗത്തത്തെി. രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ ഗതി വെളിപ്പെടുത്തുന്നതാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് റാണ അയൂബ് കുറ്റപ്പെടുത്തി. എന്നാല്‍,  അഭ്യന്തര മന്ത്രിയുടെ പ്രസ്താവന വിവിധ ഏജന്‍സികള്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെ  വെളിച്ചത്തിലാണെന്ന് അഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുന്നതിനു പകരം എന്തിനാണ് ആളുകള്‍ ഭീകരവാദികളുടെ വക്താവിനെപ്പോലെ സംസാരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് സുധാംശു ത്രിവേദി ചോദിച്ചു. മന്ത്രിയും സര്‍ക്കാറും തെളിവു പരസ്യപ്പെടുത്തേണ്ട കാര്യമില്ളെന്നും ബി.ജെ.പി പറഞ്ഞു. നേരത്തേ, ഹാഫിസ് മുഹമ്മദ് സഈദ് എന്നപേരിലെ ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന്  ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് സന്ദേശങ്ങള്‍ വന്നിരുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ദേശദ്രോഹികളാണെന്ന് വാദിക്കുന്നവരും ഈ സന്ദേശം  ലശ്കര്‍ തലവന്‍േറത് എന്നപേരില്‍ വലിയതോതില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

വിദ്യാര്‍ഥികള്‍ സൂക്ഷ്മത പാലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസും ഇത് പ്രചരിപ്പിച്ചിരുന്നു. തീവ്രവാദബന്ധമുണ്ടെന്ന സംശയത്തില്‍ ജെ.എന്‍.യു കേസ് ദേശീയ കുറ്റാന്വേഷണ ഏജന്‍സിക്ക് കൈമാറണമെന്നും ഡല്‍ഹി പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതേ ട്വീറ്റിന്‍െറ അടിസ്ഥാനത്തിലാണ് രാജ്നാഥ് ആരോപണമുന്നയിച്ചത് എന്നാണ് നിഗമനം. എന്നാല്‍, ഈ ട്വിറ്റര്‍ അക്കൗണ്ട് ലശ്കര്‍ തലവന്‍േറതല്ളെന്ന് വ്യക്തമായിട്ടുണ്ട്.  കഴിഞ്ഞദിവസങ്ങളിലേതിനേക്കാള്‍ പ്രക്ഷുബ്ധമായിരുന്നു ഞായറാഴ്ച ജെ.എന്‍.യു കാമ്പസ്. കാമ്പസില്‍ നാലര കിലോമീറ്റര്‍ നീളുന്ന മനുഷ്യച്ചങ്ങലയാണ് തീര്‍ത്തത്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും ജന്തര്‍ മന്ദറിലെ പ്രതിഷേധ ചടങ്ങിനത്തെിയിരുന്നു. അഫ്സല്‍ ഗുരുവിന്‍െറ ചരമവാര്‍ഷികത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ദേശദ്രോഹ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന പരാതിയിന്മേല്‍ കേസെടുത്ത ഡല്‍ഹി പൊലീസ് വിദ്യാര്‍ഥിയൂനിയന്‍ നേതാവ് കനയ്യ കുമാറിനെയും മറ്റു 12 വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തതിനെതിരെ ജെ.എന്‍.യുവില്‍ ശക്തമായ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.