ജെ.എന്‍.യു: വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മര്‍ദനം

ന്യൂഡല്‍ഹി: ദേശദ്രോഹം ആരോപിച്ച് അറസ്റ്റുചെയ്ത ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) യൂനിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ കൊണ്ടുവന്ന ന്യൂഡല്‍ഹി പട്യാല ഹൗസ് കോടതിഹാളില്‍ അഭിഭാഷകരടക്കം അക്രമികളുടെ തേര്‍വാഴ്ച. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയും കോടതിയിലുള്ളപ്പോള്‍ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തിലായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. സ്ത്രീകളടക്കം മുതിര്‍ന്ന ജെ.എന്‍.യു പ്രഫസര്‍മാരെയും വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും തെരഞ്ഞുപിടിച്ച് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ കോടതി ചേരാന്‍ കഴിയാതെ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ലവ്ലീന്‍ സിങ് മടങ്ങിപ്പോയി. പട്യാല കോടതി ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അകലെയുള്ള സാകേത് കോടതിയില്‍ ഹാജരാക്കിയാണ് ഡല്‍ഹി പൊലീസ് കനയ്യയെയും മറ്റു ജെ.എന്‍.യു വിദ്യാര്‍ഥികളെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങിയത്.

പട്യാല ഹൗസ് കോടതി സമുച്ചയത്തിലെ നാലാം നമ്പര്‍ കോടതിമുറിയില്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കേസ് പരിഗണിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പാണ് ബി.ജെ.പി നേതാവും ഡല്‍ഹി എം.എല്‍.എയുമായ ഒ.പി ശര്‍മയുടെയും അഡ്വ. വിക്രം സിങ്ങിന്‍െറയും നേതൃത്വത്തില്‍ അഭിഭാഷകരും അവരെ അനുഗമിച്ച ഒരു സംഘവും ആക്രമണം തുടങ്ങിയത്. മറ്റൊരു കോടതിമുറിയില്‍ തന്‍െറ മാനനഷ്ട കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എത്തിയ സമയത്തായിരുന്നു ഇത്. കനയ്യക്കും സഹവിദ്യാര്‍ഥികള്‍ക്കുംവേണ്ടി വേണ്ടി ഹാജരാകാനത്തെിയ അഡ്വ. സുഭാഷ് ചന്ദ്രന്‍, അഡ്വ. ഗരിമ, അഡ്വ. രശ്മിത എന്നിവര്‍ ജെ.എന്‍.യു പ്രഫസര്‍മാരും സി.പി.ഐ നേതാക്കളായ ബിനോയ് വിശ്വം, ആനിരാജ എന്നിവരുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം ‘ഭാരത് മാതാ കീ ജയ്’ ‘വന്ദേ മാതരം’ വിളികളുമായി കോടതി ഹാളിലേക്ക് കയറി വന്ന് ആക്രമണം തുടങ്ങിയത്.
നേരത്തെ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന അഡ്വ. സുഭാഷ് ചന്ദ്രന്‍െറ മുഖത്തടിച്ച സംഘം തുടര്‍ന്ന് ജെ.എന്‍.യുവിലെ വനിതാ പ്രഫസര്‍മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ തിരിഞ്ഞു. സ്ത്രീകളടക്കം ഏഴ് അധ്യാപകരെ അടിക്കുകയും പിടിച്ചുതള്ളുകയും ചെയ്തു. ബിനോയ് വിശ്വവും കൈയേറ്റത്തിന് വിധേയനായി.
കോടതിമുറിയിലെ ആക്രമണം മാധ്യമപ്രവര്‍ത്തകര്‍ മൊബൈലില്‍ പകര്‍ത്തുന്നത് കണ്ടതോടെ സംഘം അവര്‍ക്ക് നേരെ തിരിഞ്ഞു. തുടര്‍ന്ന് ജെ.എന്‍.യുവില്‍ നിന്നാണോ, അതോ ജേണലിസ്റ്റാണോ എന്ന് ചോദിച്ച് കണ്ണില്‍ കണ്ടവരെയെല്ലാം തല്ലുകയായിരുന്നു. അക്രമി സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഒരു മലയാളി, ഇത് നമുക്കെതിരെ വാര്‍ത്ത കൊടുക്കുന്ന ലേഖകനാണെന്ന് പറഞ്ഞതോടെ കൈരളി ചാനല്‍ റിപ്പോര്‍ട്ടര്‍ മനു ശങ്കറിനെ സംഘം വളഞ്ഞിട്ടടിച്ചു. നെറ്റിയിലും ചുമലിലും പരിക്കേറ്റ മനുവിനെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിമുറിയിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാവിത്രിയെ കൈയേറ്റം ചെയ്ത അഭിഭാഷകര്‍ അവരോട് പാകിസ്താനിലേക്ക് പോകാനാവശ്യപ്പെട്ടു.

സി.എന്‍.എന്‍ ഐ.ബി.എന്‍ ലേഖകന്‍ അമിത് പാണ്ഡെയെയും അതിക്രൂരമായി മര്‍ദിച്ചു. സഹാറ സമയ് ലേഖകന്‍ ശ്രീനിവാസിനെ മര്‍ദിച്ച സംഘം കഴുത്തിലെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ഇന്ത്യന്‍ എക്സ്പ്രസ് ലേഖകന്‍ അലോക് സിങ്, ഇക്കണോമിക് ടൈംസ് ലേഖകന്‍ അക്ഷയ് ദേശമുഖ്, മറാത്ത ലേഖകന്‍ അമേയ് ത്രിലോക്ദര്‍, എന്‍.ഡി.ടി.വി ലേഖിക സെനാല്‍ മല്‍ഹോത്ര എന്നിവര്‍ക്കും മര്‍ദനമേറ്റു.

കോടതി ജീവനക്കാര്‍ക്കും മറ്റു കേസുമായി ബന്ധപ്പെട്ട് കോടതിയിലത്തെിയവര്‍ക്കും മര്‍ദനമേറ്റു. ഒരു കോടതി ജീവനക്കാരന്‍െറ മൊബൈല്‍ പിടിച്ചുവാങ്ങി തകര്‍ത്തു. ഡല്‍ഹി പൊലീസിന്‍െറ വന്‍സന്നാഹം നോക്കിനില്‍ക്കെയായിരുന്നു അക്രമം. ആദ്യഘട്ടം അക്രമം കഴിഞ്ഞപ്പോഴാണ് ജെയ്റ്റ്ലി കോടതിയില്‍നിന്ന് ഇറങ്ങിപ്പോയത്. അതിന് ശേഷമാണ് ഒ.പി ശര്‍മയും സഹപ്രവര്‍ത്തകരും കോടതിവളപ്പില്‍ ജെ.എന്‍.യു വിദ്യാര്‍ഥികളെ വളഞ്ഞിട്ട് വീണ്ടും ആക്രമിച്ചത്.

യെച്ചൂരിക്കും രാജക്കും ഭീഷണി

ന്യൂഡല്‍ഹി: ജെ.എന്‍.യു പ്രശ്നവുമായി ബന്ധപ്പെട്ട് സി.പി.എം ഓഫിസിന് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണില്‍ ഭീഷണി.സി.പി.ഐ നേതാവും രാജ്യസഭാംഗവുമായ ഡി. രാജക്കും സമാന ഫോണ്‍ ഭീഷണി ലഭിച്ചിരുന്നു. രാജയുടെ മകള്‍ അപരാജിത ജെ.എന്‍.യു വിദ്യാര്‍ഥിയും എ.ഐ.എസ്.എഫ് നേതാവുമാണ്. വിദ്യാര്‍ഥി സമരത്തിന് അനുകൂലമായി ഇടപെട്ടാല്‍ അച്ഛനെ വെറുതെ വിടില്ളെന്നും മകളെ കാമ്പസില്‍നിന്ന് പുറത്തേക്കെറിയുമെന്നുമായിരുന്നു ഭീഷണിയെന്ന് രാജ പറഞ്ഞു.
പാര്‍ട്ടി ആസ്ഥാനത്തെ ഫോണില്‍ വിളിച്ച അജ്ഞാതന്‍ യെച്ചൂരിക്കും പാര്‍ട്ടിക്കുമെതിരെ അസഭ്യവര്‍ഷം നടത്തി. യെച്ചൂരി ദേശവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവസാനിപ്പിച്ചില്ളെങ്കില്‍ രാജ്യത്തുനിന്ന് ഓടിക്കുമെന്നും ഭീഷണിപ്പെടുത്തി. ആം ആദ്മി സേനയില്‍ പെട്ടയാളാണ് താനെന്നാണ് ഫോണില്‍ സംസാരിച്ചയാള്‍ പറഞ്ഞതെന്ന് ഡല്‍ഹി പൊലീസില്‍ നല്‍കിയ പരാതിയില്‍ സി.പി.എം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.