പുരോഗമനവാദികളെ രാജ്യദ്രോഹികളാക്കാന്‍ ആര്‍.എസ്.എസ് നീക്കം –ഇടതുപാര്‍ട്ടികള്‍

ന്യൂഡല്‍ഹി:  കള്ളപ്രചാരണത്തിലൂടെ പുരോഗമന ശക്തികളെയാകെയും ഇടതുപക്ഷത്തെയും  ദേശദ്രോഹികളായി മുദ്രകുത്താനുള്ള ശ്രമമാണ് ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്നതെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്ത യോഗം കുറ്റപ്പെടുത്തി. സംഘ്പരിവാറിന്‍െറ കപട രാജ്യസ്നേഹം തുറന്നുകാട്ടാന്‍ 23 മുതല്‍ 25 വരെ രാജ്യവ്യാപക കാമ്പയിന്‍ നടത്താനും യോഗം തീരുമാനിച്ചു.
സംഘ്പരിവാറിന്‍െറ താല്‍പര്യത്തിന് വഴങ്ങി  ജെ.എന്‍.യുവില്‍ കേന്ദ്ര പൊലീസ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഉന്നത കലാലയങ്ങളെ കാവിയണിയിക്കാനുള്ള ആസൂത്രിത നീക്കത്തിന്‍െറ ഭാഗമാണ്. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥിസമരം,  ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സംഭവം, ചെന്നൈ ഐ.ഐ.ടി കാമ്പസ്, കൊല്‍ക്കത്ത ജാദവ്പുര്‍ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ പ്രശ്നം തുടങ്ങിയവ കാമ്പസുകള്‍ പിടിച്ചടക്കാനുള്ള ആര്‍.എസ്.എസ് പദ്ധതിയാണ് വ്യക്തമാക്കുന്നത്. മോദി സര്‍ക്കാറിന്‍െറ തെറ്റായ നയം മൂലമുണ്ടായ ജീവല്‍പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ വര്‍ഗീയ അജണ്ട മുന്നില്‍ കൊണ്ടുവരുകയാണ് സംഘ്പരിവാറെന്നും യോഗം കുറ്റപ്പെടുത്തി. സീതാറാം യെച്ചൂരി, എസ്.ആര്‍.പി (സി.പി.എം), സുധാകര്‍ റെഡ്്ഡി, ഗുരുദാസ് ദാസ്ഗുപ്ത, ഡി. രാജ (സി.പി.ഐ), സ്വപന്‍ മുഖര്‍ജി (സി.പി.ഐ-എം.എല്‍ ലിബറേഷന്‍), അബനി റോയ് (ആര്‍.എസ്.പി), പ്രാന്‍ ശര്‍മ (എസ്.യു.സി.ഐ-സി) ദേബബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ളോക്) എന്നിവര്‍ പങ്കെടുത്തു.  
ജെ.ഡി.യു, എന്‍.സി.പി, ആര്‍.ജെ.ഡി, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ നേതാക്കള്‍ യെച്ചൂരിയുടെ നേതൃത്വത്തില്‍ പ്രശ്നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിയെ സന്ദര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.