രാജ്യവ്യാപക വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെ ലക്ഷ്യംവെച്ച് നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ രാജ്യവ്യാപക വിദ്യാര്‍ഥിപ്രക്ഷോഭത്തിനും രാഷ്ട്രീയസമരങ്ങള്‍ക്കും വഴിയൊരുക്കുന്നു. കടുത്ത രാഷ്ട്രീയഭിന്നതകളുള്ള വിദ്യാര്‍ഥിസംഘടനകള്‍ ഒറ്റക്കെട്ടായി ജെ.എന്‍.യുവില്‍ തീര്‍ത്ത പ്രതിരോധം മറ്റു സര്‍വകലാശാലകളിലേക്കും വ്യാപിക്കുകയാണ്. ഇടതുസംഘടനകള്‍ രാജ്യവ്യാപക പ്രചാരണം നടത്താന്‍ തീരുമാനിച്ചതും സമരത്തെ ശക്തമാക്കും.
‘ഞങ്ങള്‍ ജെ.എന്‍.യുവിനൊപ്പം’ എന്ന മുദ്രാവാക്യവുമായി വ്യാഴാഴ്ച വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് തലസ്ഥാനത്ത് സംഘടിപ്പിച്ച റാലിയില്‍ അഭൂതപൂര്‍വമായ പങ്കാളിത്തമാണുണ്ടായത്. കൊല്‍ക്കത്തയിലും ബംഗളൂരുവിലും മുംബൈയിലുമെല്ലാം കാമ്പസുകള്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തിയതും അഫ്സല്‍ അനുസ്മരണച്ചടങ്ങിനെ എതിര്‍ത്ത കാമ്പസിലെ എ.ബി.വി.പി ഘടകത്തില്‍നിന്ന് ഭാരവാഹികള്‍ ഉള്‍പ്പെടെ പലരും രാജിവെച്ചതും വിദ്യാര്‍ഥിവേട്ടക്കെതിരായ സമരങ്ങള്‍ക്ക് ഊര്‍ജംപകരുകയാണ്. രോഹിത് വെമുലയുടെ മരണത്തെ തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ ആരംഭിച്ച വിദ്യാര്‍ഥിസമരം പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന 23 മുതല്‍ ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ജാതിവാദത്തിനെതിരായ പ്രക്ഷോഭം എന്നനിലയില്‍ തീരുമാനിച്ച സമരത്തിന് ജെ.എന്‍.യു വിവാദത്തോടെ പുതിയ മാനങ്ങള്‍ കൈവന്നിരിക്കയാണ്. ജാദവ്പുര്‍ സര്‍വകലാശാലയില്‍ നടന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ന്നു എന്നാരോപിച്ച് സംഘ്പരിവാറും മാധ്യമങ്ങളും വിവാദത്തിന് ശ്രമിച്ചെങ്കിലും വൈസ് ചാന്‍സലറും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ച നിലപാട് വിദ്യാര്‍ഥികള്‍ക്ക് കരുത്തായി. സംഭവം അന്വേഷിക്കുമെന്നും നേരെന്നുകണ്ടാല്‍ സര്‍വകലാശാല നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ച വി.സി ഇക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കില്ളെന്നും തീര്‍ത്തുപറഞ്ഞു. വ്യാഴാഴ്ച ബി.ജെ.പി നേതാക്കള്‍ കാമ്പസിലേക്കു നടത്തിയ മാര്‍ച്ച് അധ്യാപകരും വിദ്യാര്‍ഥികളും മനുഷ്യച്ചങ്ങല തീര്‍ത്ത് തടഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.