കാന്‍റീനില്‍ ബീഫ് ബിരിയാണി; അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബഹളം

അലീഗഢ്: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വിതരണവുമായി ബന്ധപ്പെട്ട് ബഹളം. സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ കോളജിന്‍െറ കാന്‍റീനില്‍ ബീഫ് വിതരണം ചെയ്യുന്നതായി കഴിഞ്ഞദിവസം വാട്സ്ആപ്പില്‍ പ്രചരിച്ചതാണ് വിവാദമായത്. അതേസമയം, ആരോപണം സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചു.

പോത്തിറച്ചിയില്ല പശു ഇറച്ചിയാണ് കാന്‍റീനില്‍ വിതരണം ചെയ്യുന്നത് എന്നതായിരുന്നു അരോപണം. കാന്‍റീന്‍ മെനുകാര്‍ഡിന്‍െറ പടവും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ബീഫ് ബിരിയാണി വിതരണംചെയ്ത കാന്‍റീന്‍ ജീവനക്കാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ശകുന്തളാദേവിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും ആക്ടിവിസ്റ്റുകളും സീനിയര്‍ പൊലീസ് സൂപ്രണ്ടിന്‍െറ ഓഫിസിനു മുന്നില്‍ പ്രകടനം നടത്തി. സംഭവത്തെപ്പറ്റി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിവാദത്തെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിച്ച ഉടനെ എം. മുഹ്സിന്‍ ഖാന്‍െറ നേതൃത്വത്തിലുള്ള സര്‍വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാന്‍റീനില്‍ പ്രാഥമിക പരിശോധന നടത്തി. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കെട്ടിച്ചമച്ചതാണ് സംഭവമെന്നും കാന്‍റീന്‍ മെനുവിലെ ബീഫ് ഇറച്ചി എന്നത് പോത്തിറച്ചിയാണെന്നും സര്‍വകലാശാല വക്താവ് റഹാത് അബ്റാര്‍ പറഞ്ഞു. കാന്‍റീന്‍ നടത്താന്‍ നല്‍കിയ കരാര്‍ ഈമാസം 23ന് അവസാനിക്കാനിരിക്കുകയാണെന്നും ഇതുമനസ്സിലാക്കിയ ചില നിക്ഷിപ്തതാല്‍പര്യക്കാരാണ് വിവാദത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പശുവിറച്ചിക്ക് വിലക്കേര്‍പ്പെടുത്തിയ ആദ്യത്തെ സ്ഥാപനമാണ് അലീഗഢ് സര്‍വകലാശാലയെന്നും അബ്റാര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.