മഹിഷാസുര വിവാദവും തിരിച്ചടിക്കുന്നു

ന്യൂഡല്‍ഹി: ദേശീയത ആളിക്കത്തിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി കൊണ്ടുവന്ന മഹിഷാസുരവിവാദവും സര്‍ക്കാറിന്‍െറ ദലിത്വിരുദ്ധ മുഖം പുറത്തുകൊണ്ടുവന്നു. ജെ.എന്‍.യുവില്‍ ദലിത്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി തയാറാക്കിയ ലഘുലേഖ എന്നപേരില്‍ രാജ്യസഭയില്‍ കൊണ്ടുവന്നത് തങ്ങളിറക്കാത്ത ലഘുലേഖയാണെന്ന് സംഘാടകരും വ്യക്തമാക്കി.

ദുര്‍ഗാദേവിയുടെ ഭക്തരെ പ്രകോപിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് മന്ത്രി സ്മൃതി ഇറാനി ഫേസ്ബുക്കില്‍നിന്ന് കിട്ടിയ സഭ്യേതരമായ ലഘുലേഖ പാര്‍ലമെന്‍റ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രാജ്യസഭയില്‍ വായിച്ചത്. തങ്ങള്‍ വിതരണംചെയ്ത ലഘുലേഖയല്ല സ്മൃതി ഇറാനി രാജ്യസഭയില്‍ വായിച്ചതെന്ന് ‘മഹിഷാസുരന്‍ രക്സാക്ഷി ദിനം’ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ജെ.എന്‍.യു വിദ്യാര്‍ഥി അനില്‍കുമാര്‍ പറഞ്ഞു.

സ്മൃതി വായിച്ച ലഘുലേഖ തങ്ങളെഴുതിയതല്ല. വായിക്കുന്ന സമയത്ത് സ്മൃതി കൈയില്‍ പിടിച്ചത് ബഹുവര്‍ണ ലഘുലേഖയായിരുന്നു. വലിയ സാമ്പത്തിക ചെലവുവരുന്ന കളര്‍ പ്രിന്‍റിങ് തങ്ങളെപോലുള്ള വിദ്യാര്‍ഥികള്‍ ഉപയോഗിക്കാറുമില്ല. ഇതൊരു വ്യാജരേഖയാണെന്നും മന്ത്രി കള്ളം പറയുകയാണെന്നും അനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജെ.എന്‍.യുവില്‍ ദലിത് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച മഹിഷാസുര രക്തസാക്ഷിദിനത്തില്‍ പ്രമുഖ ദലിത് നേതാവും ഡല്‍ഹിയില്‍നിന്നുള്ള എം.പിയുമായ ഉദിത് രാജ് പങ്കെടുത്ത വാര്‍ത്ത പുറത്തുവന്നതോടെ ഹിന്ദുത്വ ദേശീയതയെ പ്രീണിപ്പിക്കാന്‍ സ്മൃതി ഇറക്കിയ മഹിഷാസുരവിവാദം ബി.ജെ.പിക്കുതന്നെ തിരിച്ചടിയായി. മഹിഷാസുരന്‍െറ പേരാണ് കര്‍ണാടകയിലെ മൈസൂരുവിന് ലഭിച്ചത്. ബിഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ സന്താല്‍, അശുര്‍ വിഭാഗങ്ങളും മധ്യ ഇന്ത്യയിലെ ഗോണ്ടുകളും മഹിഷാസുരനെ തങ്ങളുടെ പൂര്‍വികനായിട്ടാണ് കണക്കാക്കുന്നത്.

മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡ് മേഖലയിലും ഛത്തിസ്ഗഢിലും കാലികളുടെ സംരക്ഷകനെന്ന നിലയില്‍ മഹിഷാസുരനെ ജനങ്ങള്‍ ആരാധിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.