വര്‍ഗീയതക്കെതിരെ ദേശീയതലത്തില്‍ യുവജനസംഘടനകളുടെ കൂട്ടായ്മ

ന്യൂഡല്‍ഹി: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള സംഘ്പരിവാര്‍ കടന്നാക്രമണത്തിന്‍െറ പശ്ചാത്തലത്തില്‍ വര്‍ഗീയതയെ പ്രതിരോധിക്കാന്‍ യുവജനസംഘടനകള്‍ കൂട്ടായ്മയൊരുക്കുന്നു. ഡി.വൈ.എഫ.്ഐ, എ.ഐ.വൈ.എഫ്, ആര്‍.വൈ.എഫ്, ഓള്‍ ഇന്ത്യ യൂത്ത് ലീഗ്, ആര്‍.ജെ.ഡി യൂത്ത് വിങ്, ജെ.ഡി.യു യൂത്ത് വിങ്, എം.ഡി.എം.കെ യൂത്ത് വിങ് തുടങ്ങി 11 സംഘടനകളാണ് കൈകോര്‍ക്കുന്നത്. ‘വര്‍ഗീയതക്കെതിരെ യുവതയുടെ കൂട്ടായ്മ’ എന്നപേരില്‍ സംഘ്പരിവാര്‍ അജണ്ട തുറന്നുകാട്ടാനുള്ള പരിപാടികള്‍ സംഘടിപ്പിക്കും. രോഹിത് വെമുലയുടെ ആത്മഹത്യ, ജെ.എന്‍.യു തുടങ്ങിയ വിഷയങ്ങളില്‍ നീതി ഉറപ്പാക്കാന്‍ യുവജനസംഘടനകളുടെ കൂട്ടായ്മ അനിവാര്യമാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് എം.ബി. രാജേഷ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയാതിക്രമങ്ങളെ ന്യായീകരിക്കാന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉള്‍പ്പെടെയുള്ളവര്‍ പച്ചക്കള്ളങ്ങള്‍ നിരത്തി പാര്‍ലമെന്‍റിനെയും രാജ്യത്തെയും വഞ്ചിക്കുകയാണ്.  ഭരണപരാജയം മറച്ചുവെക്കാനാണ് വര്‍ഗീയധ്രുവീകരണം ശക്തമാക്കുന്നത്.
രോഹിത് വെമുലയുടെ ആത്മഹത്യക്ക് കാരണക്കാരായ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ, ഹൈദരാബാദ് സര്‍വകലാശാലാ വി.സി അപ്പാറാവു എന്നിവരെ പുറത്താക്കി നിയമനടപടി സ്വീകരിക്കണം. കനയ്യ കുമാറിനും മറ്റ് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കുമെതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ച് ഭഗത് സിങ് രക്തസാക്ഷിദിനമായ മാര്‍ച്ച് 23 വരെ രാജ്യത്തുടനീളം പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും മാര്‍ച്ച് 23 മുതല്‍ 31 വരെ മനുഷ്യശൃംഖലകള്‍ തീര്‍ക്കും. വര്‍ഗീയത ഉള്‍പ്പെടെ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ അഖിലേന്ത്യ കണ്‍വെന്‍ഷന്‍ നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.