രൂപേഷ്-ഷൈന ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് മാവോവാദികള്‍ക്ക് ഇടക്കാല ജാമ്യം

കോയമ്പത്തൂര്‍: മലയാളികളായ രൂപേഷ്-ഷൈന ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് മാവോവാദികള്‍ക്ക് മദ്രാസ് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. എറണാകുളം സ്വദേശികളായ രൂപേഷ്-ഷൈന ദമ്പതികളെ കൂടാതെ പത്തനംതിട്ട സ്വദേശി അനൂപ് മാത്യു ജോര്‍ജ്, കണ്ണന്‍, വീരമണി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണമെന്ന നിബന്ധനയോടെയാണ് ഒരു മാസത്തേക്ക് ജസ്റ്റിസ് സി.ടി. ശെല്‍വം ജാമ്യം അനുവദിച്ചത്. ഇതിനുശേഷം അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന സമയത്ത് ഹാജരായാല്‍ മതിയാവും.
മേയ് നാലിന് കോയമ്പത്തൂരിന് സമീപം കറുമത്തംപട്ടിയില്‍ വെച്ചാണ് പ്രതികളെ തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതികളുടെ പേരില്‍ ദേശ സുരക്ഷാ നിയമം (എന്‍.എസ്.എ) ചുമത്തി. അഞ്ച് പ്രതികളും സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ 2015 സെപ്റ്റംബര്‍ 29ന് കോയമ്പത്തൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
തുടര്‍ന്നാണ് ഇവര്‍ മദ്രാസ് ഹൈകോടതിയെ സമീപിച്ചത്. രൂപേഷിനെതിരെ കേരളത്തില്‍ ഇരുപതിലധികം കേസുണ്ട്. ഷൈനയുടെ പേരില്‍ എറണാകുളത്ത് രണ്ട് കേസുകളുണ്ട്. മറ്റു പ്രതികളുടെ പേരിലും കേരളത്തിലും തമിഴ്നാട്ടിലുമായി കേസുകളുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.