മുംബൈ: വിമാനങ്ങൾക്ക് തുടർച്ചയായ ബോംബ് ഭീഷണി ലഭിക്കുന്ന സാഹചര്യത്തിൽ വിമാന കമ്പനി സി.ഇ.ഒമാരുടെ യോഗം വിളിച്ച് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ. ആഭ്യന്തര വിമാനകമ്പനികളുടെ സി.ഇ.ഒമാരുടെ യോഗമാണ് വിളിച്ചത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസനാണ് യോഗം വിളിച്ചത്. ഡൽഹിയിലെ രാജീവ് ഗാന്ധി ഭവനിലായിരുന്നു യോഗം.
യോഗത്തിൽ വിമാനകമ്പനികൾക്ക് വേണ്ടി മുഴുവൻ സുരക്ഷാപ്രോട്ടോകോളും പാലിക്കുമെന്ന് കമ്പനികളെ ഏജൻസി അറിയിച്ചു. ഇന്ത്യൻ ആകാശം പൂർണമായും സുരക്ഷിതമാണ്. നിലവിലുള്ള പ്രോട്ടോകോൾ ശക്തമായി പിന്തുടരും. ഭയമില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്ന ഉറപ്പാണ് യാത്രികർക്ക് നൽകാനുള്ളതെന്നും സുൽഫിക്കർ ഹസൻ പറഞ്ഞു.
70 ഇന്ത്യൻ വിമാനകമ്പനികൾക്കാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബോംബ് ഭീഷണി ലഭിച്ചത്. ശനിയാഴ്ചമാത്രം വിവിധ ഇന്ത്യൻ കമ്പനികളുടെ 30ഓളം വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏജൻസികൾ ഇക്കാര്യത്തിൽ ശക്തമായ ഇടപെടൽ തുടങ്ങിയത്.
എയർ ഇന്ത്യ, ഇൻഡിഗോ, ആകാസ, വിസ്താര, സ്പൈസ്ജെറ്റ്, സ്റ്റാർ എയർ, അലൈൻസ് എയർ തുടങ്ങിയ വിമാനകമ്പനികൾക്കെല്ലാം ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ വിമാനങ്ങൾക്ക് ഭീഷണി സന്ദേശമയച്ച സംഭവത്തിൽ 17കാരൻ ഛത്തീസ്ഗഢ് അറസ്റ്റിലായിരുന്നു. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി വിവിധ വി.പി.എൻ നെറ്റ്‍വർക്കുകളേയും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളേയും അന്വേഷണസംഘം അന്വേഷണത്തിന്റെ ഭാഗമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.