അഞ്ചുദിനം, അഞ്ചു രാഷ്ട്രങ്ങള്‍; മോദിയുടെ വിദേശപര്യടനം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി: അമേരിക്കയുള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച യാത്രതിരിക്കും. യു.എസിന് പുറമെ, അഫ്ഗാനിസ്താന്‍, ഖത്തര്‍, സ്വിറ്റ്സര്‍ലന്‍ഡ്, മെക്സികോ എന്നീ രാജ്യങ്ങളാണ് അഞ്ചുദിവസം നീളുന്ന യാത്രക്കിടെ മോദി സന്ദര്‍ശിക്കുക.
ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗത്വത്തിനായി അപേക്ഷിച്ചിട്ടുള്ള ഇന്ത്യക്ക് പിന്തുണ ഉറപ്പുവരുത്തുകയാണ് മെക്സികോ, സ്വിറ്റ്സര്‍ലന്‍ഡ്, അമേരിക്ക സന്ദര്‍ശനങ്ങളുടെ പ്രധാന അജണ്ട. ഇതുസംബന്ധിച്ച് ഈ രാജ്യങ്ങളുടെ നേതാക്കളുമായി മോദി നേരത്തെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ന്യൂഡല്‍ഹിയില്‍നിന്ന് അഫ്ഗാനിലേക്കാണ് മോദി ആദ്യം പോവുക. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹറാത്ത് പ്രവിശ്യയിലുള്ള അഫ്ഗാന്‍-ഇന്ത്യ ഫ്രന്‍ഡ്ഷിപ് അണക്കെട്ട് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ സാമ്പത്തികസഹായത്തോടെ പൂര്‍ത്തിയാക്കിയ ജലവൈദ്യുതി പദ്ധതിയാണിത്. അഫ്ഗാന്‍ പ്രസിഡന്‍റ് അശ്റഫ് ഗനിയുമായി അവിടെവെച്ച് ചര്‍ച്ചയും നടത്തും. തുടര്‍ന്ന്, ഖത്തറിലേക്ക് തിരിക്കുന്ന മോദി ശനിയാഴ്ച അവിടെ തങ്ങും. ഞായറാഴ്ച വൈകീട്ടാണ് അദ്ദേഹം സ്വിറ്റ്സര്‍ലന്‍ഡിലേക്ക് തിരിക്കുക. എന്‍.എസ്.ജി ചര്‍ച്ചക്കുപുറമെ, സ്വിസ് ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതു സംബന്ധിച്ച് രാഷ്ട്ര നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയാണ് മോദി ന്യൂയോര്‍ക്കിലത്തെുക. യു.എസ് പട്ടാളക്കാരെ അടക്കം ചെയ്തിട്ടുള്ള ആര്‍ലിങ്ടണ്‍ സെമിത്തേരി അദ്ദേഹം സന്ദര്‍ശിക്കും. ഇവിടം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും മോദി. ചൊവ്വാഴ്ചയാണ് ഒബാമയുമായുള്ള കൂടിക്കാഴ്ച. യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറുമായും അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. ഇന്ത്യ-യു.എസ് ബിസിനസ് കൗണ്‍സിലിലും മോദി പ്രഭാഷണം നടത്തും. ബുധനാഴ്ചയാണ് യു.എസ് കോണ്‍ഗ്രസിനെ മോദി അഭിസംബോധന ചെയ്യുക. ഇതിനുമുമ്പ് മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ യു.എസ് കോണ്‍ഗ്രസില്‍ സംസാരിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍. 2014ല്‍ അധികാരമേറ്റെടുത്തതിനുശേഷം മോദി നടത്തുന്ന നാലാമത്തെ യു.എസ് യാത്രയാണിത്. ബുധനാഴ്ച മെക്സികോയിലേക്ക് തിരിക്കുന്ന മോദി അവിടെ ഏതാനും മണിക്കൂറുകള്‍ ചെലവഴിച്ച ശേഷം, ന്യൂഡല്‍ഹിയിലേക്ക് തിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.