അലിഗഡ് ഭരണസമിതി: കേന്ദ്ര ശിപാര്‍ശക്ക് രാഷ്ട്രപതി അംഗീകാരം നൽകിയില്ല

ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാല എക്സിക്യൂട്ടിവ് കൗണ്‍സിലിലേക്ക് മാനവശേഷി വികസന മന്ത്രാലയം ശിപാര്‍ശചെയ്ത പേരുകള്‍ രാഷ്ട്രപതി തള്ളി. എക്സിക്യൂട്ടിവില്‍ വന്ന ഒരു ഒഴിവിലേക്ക് സംഘ്പരിവാര്‍ വിശ്വസ്തരായ ഇന്ത്യാ ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് രജത് ശര്‍മ, വിജ്ഞാന്‍ ഭാരതി നേതാവ് വിജയ് പി. ഭട്കര്‍ എന്നിവരുടെ പേരുകളാണ് മന്ത്രാലയം മുന്നോട്ടുവെച്ചത്. എന്നാല്‍, ഈ ശിപാര്‍ശ മടക്കിയ വാഴ്സിറ്റി വിസിറ്റര്‍ കൂടിയായ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കൂടുതല്‍ പേരുകള്‍ അയക്കാന്‍ മന്ത്രാലയത്തോട് നിര്‍ദേശിച്ചു. 28 അംഗ കൗണ്‍സിലില്‍ മൂന്നുപേര്‍ മാനവവിഭവശേഷി മന്ത്രാലയത്തിന്‍െറ പ്രതിനിധികളാവും. എന്നാല്‍, രാഷ്ട്രപതിയുടെ സമ്മതത്തോടെ മാത്രമേ അവരെ നിയോഗിക്കാനാവൂ. 

അലീഗഢ് സര്‍വകലാശാലയോടുള്ള കേന്ദ്രസര്‍ക്കാറിന്‍െറ നിലപാടിലും അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. രാഷ്ട്രപതിയുടെ നടപടിയെക്കുറിച്ച് മന്ത്രാലയത്തിന്‍െറ ഒൗദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. ആരെ നിയോഗിക്കണം എന്ന കാര്യം ചര്‍ച്ചചെയ്തുവരുകയാണെന്നും വൈകാതെ തീരുമാനമാകുമെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി. സമീപകാലത്ത് മന്ത്രാലയത്തിന്‍െറ പല ശിപാര്‍ശകളും രാഷ്ട്രപതി നിരസിച്ചിട്ടുണ്ട്. വിശ്വഭാരതി സര്‍വകലാശാല വൈസ് ചാന്‍സലറെ സ്ഥാനത്തുനിന്ന് നീക്കാന്‍ സ്മൃതി ഇറാനിയുടെ ഓഫിസില്‍നിന്നയച്ച ശിപാര്‍ശ തള്ളിയിരുന്നു. ജെ.എന്‍.യു വി.സി ആയി ഡോ. ജഗദദേശ് കുമാറിനെ നിയോഗിക്കാന്‍ ആയിരുന്നില്ല മന്ത്രാലയത്തിന്‍െറ ആഗ്രഹം. എന്നാല്‍, അതു വകവെക്കാതെ രാഷ്ട്രപതി നിയമനം നടത്തുകയായിരുന്നു. രാഷ്ട്രപതി അതൃപ്തി അറിയിച്ചതോടെ പത്മ അവാര്‍ഡ് ജേതാക്കളായ ശര്‍മയും ഭട്നഗറും അലീഗഢ് സര്‍വകലാശാല കൗണ്‍സിലില്‍ എത്തില്ളെന്ന് ഏതാണ്ട് ഉറപ്പായി. കേരളത്തിലുള്‍പ്പെടെയുള്ള അലീഗഢ് സര്‍വകലാശാല ഉപകേന്ദ്രങ്ങള്‍ അനധികൃതമാണെന്നും അടച്ചുപൂട്ടുമെന്നും  മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഭീഷണിമുഴക്കിയത് ഈയിടെ പുറത്തുവന്നിരുന്നു.

അലീഗഢ് സംഘം മോദിയെ കണ്ടു
ന്യൂഡല്‍ഹി: അലീഗഢ് മുസ്ലിം സര്‍വകലാശാലക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നീക്കങ്ങള്‍ നടത്തുന്നുവെന്ന ആശങ്ക തുടരവെ വാഴ്സിറ്റി പ്രതിനിധി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. വൈസ് ചാന്‍സലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷായുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘമാണ് ഡല്‍ഹിയില്‍ നരേന്ദ്ര മോദിയെ കണ്ടത്. വാഴ്സിറ്റിക്കെതിരെ നടക്കുന്ന നീക്കങ്ങളും ആവശ്യങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിക്കുമെന്ന് ഷാ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  വിദ്യാഭ്യാസം, ഗവേഷണം, ശേഷി വികസനം, ഗംഗാ നദിയുടെ പുനരുജ്ജീവനം എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് പ്രതിനിധിസംഘം ചര്‍ച്ച ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.