മികച്ച സർവകലാശാല: ഡൽഹിയെ പിന്തള്ളി അലിഗഡ്

ന്യൂഡൽഹി: ഇന്ത്യയിലെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ ഡൽഹി സർവകലാശാലയെ പിന്തള്ളി അലിഗഡ് മുസ് ലിം സർവകലാശാലക്ക് രണ്ടാം സ്ഥാനം. ഡൽഹി സർവകലാശാല മൂന്നാം സ്ഥാനത്ത് പിന്തള്ളപ്പെട്ടപ്പോൾ ഒന്നാം സ്ഥാനം പഞ്ചാബ് സർവകലാശാലക്ക്. ബനാറസ് ഹിന്ദു, ജയ്പുർ, ഹൈദരാബാദ് സർവകലാശാലകൾ നാല് മുതൽ ആറുവരെ സ്ഥാനങ്ങൾ നേടി.

യു.എസ് ന്യൂസ് എഡ്യുകേഷൻ വേൾഡാണ് ലോകത്തിലെ മികച്ച സർവകലാശാലകളുടെ പട്ടിക തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്. സർവകലാശാലകളിൽ നടക്കുന്ന ഗവേഷണ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വിദഗ്ധരാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയത്.

ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ്, ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, കാൺപുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, ഗോരക്പുർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, റൂർക്കി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ് എന്നിവ ഇന്ത്യയിൽ നിന്നുള്ള മികച്ച 14 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

പട്ടികയിൽ ഉന്നതസ്ഥാനം ലഭിച്ചതോടെ അലിഗഡ് മുസ് ലിം സർവകലാശാല അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നതിനായി കൂടുതൽ വിദ്യാർഥികൾ മുന്നോട്ടു വരുമെന്നാണ് റിപ്പോർട്ട്. മികവിനുള്ള നാകിന്‍റെ എ ഗ്രേഡ് അംഗീകാരം അലിഗഡ് മുസ് ലിം സർവകലാശാലക്ക് ലഭിച്ചിട്ടുണ്ട്.

അറബ് മേഖലയിലെ മികച്ച സർവകലാശാലകളുടെ പട്ടികയിൽ സൗദിയിലെ കിങ് സൗദ് യൂനിവേഴ്സിറ്റി ഒന്നാം സ്ഥാനത്തെത്തി. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി ഒാഫ് സയൻസ് ആൻഡ് ടെക്നോളജി, കൈറോ യൂനിവേഴ്സിറ്റി, അമേരിക്കൻ യൂനിവേഴ്സിറ്റി ഒാഫ് ബെയ്റൂത് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉൾപ്പെടും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.