ക്ഷേത്രപ്രവേശത്തിൽ സ്ത്രീകൾക്ക് തുല്യനീതി വേണമെന്ന് ആർ.എസ്.എസ്

ജയ്പൂർ: സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന കാര്യത്തിൽ മുൻനിലപാട് തിരുത്തി ആർ.എസ്.എസ്. ക്ഷേത്രപ്രവേശത്തിൽ സ്ത്രീകളോട് വിവേചനം വേണ്ട എന്ന് രാജസ്ഥാനിൽ നടക്കുന്ന ആർ.എസ്.എസ് പ്രതിനിധി സഭയിൽ സമർപ്പിക്കപ്പെട്ട  വാർഷിക റിപ്പോർട്ടിൽ പറ‍യുന്നു. ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയുന്നത് അനീതിയാണ്. പുരുഷനും സ്ത്രീക്കും ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ തുല്യനീതി വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശബരിമലയിൽ സ്ത്രീകൾക്കുള്ള നിയന്ത്രണം തുടരണമെന്ന ആർ.എസ്.എസിൻെറ നേരത്തെയുള്ള നിലപാടിൽ നിന്നും വിരുദ്ധമാണ് പുതിയ നിർദേശം.

രാജ്യത്തൊട്ടുമുള്ള ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് പ്രവേശം നൽകണം. സമരങ്ങളിലൂടെയല്ല, ചർച്ചകളിലൂടെയാണ് ഇക്കാര്യത്തിൽ പരിഹാരം കാണേണ്ടത്. മതപരവും ആത്മീയപവുമായ കാര്യത്തിൽ സ്ത്രീ-പുരുഷ തുല്യതയുണ്ടാകണം. വിഷയത്തിൽ ക്ഷേത്രഭാരവാഹികളുമായും സംഘടനകളുമായും ചർച്ച നടത്തണമെന്നും റിപ്പോർട്ടിൽ പറ‍യുന്നു.

90 വർഷമായി കൂടെയുള്ള വേഷം മാറ്റാനും ആർ.എസ്.എസ് യോഗത്തിൽ തീരുമാനമുണ്ടാകും. കാക്കി നിക്കറിൽ നിന്ന് പാൻറ്സിലേക്കാണ് വേഷം മാറുന്നത്. കാക്കി നിറത്തിന് പകരം ചാരനിറമായിരിക്കും ഇനിയുണ്ടാവുക.  

കറുത്ത തൊപ്പിയും വെളുത്ത കുപ്പായവും കാക്കി ട്രൗസറും കുറുവടിയുമാണ് 1925ൽ രൂപീകൃതമായ ഹിന്ദുത്വ സംഘടനയുടെ ഔദ്യോഗിക വേഷം. ഈ വേഷം രാജ്യത്തെ യുവാക്കളെ ആകർഷിക്കുന്നില്ലെന്നും കാലത്തിനനുസരിച്ച് മാറമണമെന്നുമുള്ള നിർദേശത്തെ തുടർന്നാണ് ആർ.എസ്.എസ് വേഷത്തിൽ മാറ്റംവരുത്തുന്നത്. ട്രൗസർ മാറ്റി പാൻറ്സിലേക്കാകുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ടെങ്കിലും പുതിയ നിറം ഏതാണെന്ന കാര്യം അന്തിമമായി തീരുമാനിച്ചിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.