മൂന്നു വര്‍ഷത്തിനിടെ മാവോവാദി ‘കങ്കാരു കോടതി’ വധിച്ചത് 53 പേരെ

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മാവോവാദികളുടെ ‘കങ്കാരു കോടതി’ 53 പേരെ വധശിക്ഷക്ക് വിധേയരാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തിസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡിഷ തുടങ്ങി മവോവാദികള്‍ക്ക് സ്വാധീനമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ കണക്കുകളാണ്  മന്ത്രാലയം പുറത്തുവിട്ടത്. 2015ല്‍ മാത്രം ഇവിടങ്ങളില്‍ 18 പേരെ മാവോവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. പൊലീസിന്‍െറ ഒറ്റുകാരെന്ന് ആരോപിച്ചോ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തതിനോ ആണ് വധശിക്ഷകളെല്ലാം നടപ്പാക്കിയത്. കങ്കാരു കോടതികള്‍ അല്ളെങ്കില്‍ ജന്‍ അദാലത് എന്നാണ് ഇത്തരം കോടതികള്‍ക്ക് പേരിട്ടിരിക്കുന്നത്. 2014ല്‍ 54 ജന്‍ അദാലത്തുകള്‍ വഴി 15 പേരെയും 2013ല്‍ 63 ജന്‍ അദാലത്തുകളിലായി 20 പേരെയുമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ഫെബ്രുവരി 15 വരെയുള്ള കണക്കുകള്‍പ്രകാരം ഛത്തിസ്ഗഢില്‍ രണ്ട് ജന്‍ അദാലത്തുകള്‍ നടത്തിക്കഴിഞ്ഞു.

മാവോവാദി ഭീഷണി നിലനില്‍ക്കുന്ന 10 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തോളം അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 2015ല്‍ 1088 സംഭവങ്ങളിലായി 226 പേരാണ് ഇവിടങ്ങളില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 168 പേര്‍ സാധാരണക്കാരും 58 പേര്‍ സൈനികരുമാണ്. ഏറ്റുമുട്ടലില്‍ 89 മാവോവാദികള്‍ കൊല്ലപ്പെടുകയും 1668 പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.