ആര്‍.എസ്.എസ്-ഐ.എസ് താരതമ്യം ഗുലാം നബിയുടെ പ്രസ്താവന: പാര്‍ലമെന്‍റില്‍ ബഹളം

ന്യൂഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്  രാഷ്ട്രീയ സ്വയം സേവക് സംഘിനെ (ആര്‍.എസ്.എസ്) ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ.എസ്) താരതമ്യപ്പെടുത്തിയതിനെ ചൊല്ലി പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. പ്രസ്താവന പിന്‍വലിച്ച് ഗുലാം നബി ആസാദ് മാപ്പു പറയണമെന്ന് ഭരണകക്ഷി അംഗങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രസംഗത്തിന്‍െറ പകര്‍പ്പും വിഡിയോയും സഭയുടെ മേശപ്പുറത്തുവെച്ച കോണ്‍ഗ്രസ് നേതാവ് പറഞ്ഞ വരികള്‍ ആവര്‍ത്തിച്ച് അവകാശലംഘനത്തിന് നോട്ടീസ് നല്‍കാന്‍ ബി.ജെ.പിയെ വെല്ലുവിളിച്ചു.
രാജ്യസഭയില്‍ ശൂന്യവേളയില്‍ വിഷയമുന്നയിച്ച പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി കോണ്‍ഗ്രസും ആസാദും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍  വാഗ്വാദം നടന്നു.
ഇതിനിടയില്‍ വിശദീകരണവുമായി എഴുന്നേറ്റ ഗുലാം നബി, ജംഇയ്യതുല്‍ ഉലമായെ ഹിന്ദിന്‍െറ മുസ്ലിം ദലിത് ഐക്യദാര്‍ഢ്യ സമ്മേളനത്തിലെ തന്‍െറ പ്രസംഗത്തിലെ വിവാദ ഭാഗം സഭയിലും ആവര്‍ത്തിച്ചു. ‘ആര്‍.എസ്.എസിനെ എതിര്‍ക്കുന്നപോലെ തന്നെ ഐ.എസ് പോലുള്ള സംഘടനകളെയും നാം എതിര്‍ക്കണം.

ഇസ്ലാമിലുള്ളവര്‍ തെറ്റായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നുണ്ടെങ്കില്‍ അവരും ആര്‍.എസ്.എസിനെക്കാള്‍ ഒട്ടും കുറവല്ല’ എന്നാണ് ഗുലാം നബി പ്രസംഗിച്ചത്. ‘ഒരു മനുഷ്യനും മറ്റൊരു മനുഷ്യനുമിടയില്‍ അകല്‍ച്ചയുണ്ടാക്കുകയാണ് അവര്‍ ചെയ്യുന്നത്. അവര്‍ ഏത് മതക്കാരില്‍പ്പെട്ടവരാണെങ്കിലും അവരോട് നമുക്ക് ഏറ്റുമുട്ടണം. ഈ ശക്തികളെ ഇല്ലായ്മ ചെയ്യാന്‍ എല്ലാ മതേതര ശക്തികളും ഒന്നിക്കണം.
പോരാട്ടം വര്‍ഗീയതയും മതേതരത്വവും തമ്മിലാണ്. വര്‍ഗീയതയാണോ മതേതരത്വമാണോ വിജയിക്കുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഇന്ത്യ എല്ലാ മതക്കാരുടേതുമാണ്. അതിനര്‍ഥം ഭൂരിഭാഗം നമുക്കൊപ്പമാണ്’ എന്നാണ് താന്‍ പറഞ്ഞതെന്ന് സഭയില്‍ ഗുലാം നബി വിശദീകരിച്ചു.
പ്രസ്താവന പിന്‍വലിച്ചുവെന്ന് പറയാനോ ക്ഷമാപണം നടത്താനോ തയാറാകാതിരുന്ന അദ്ദേഹം, നടത്തിയ വിവാദ പ്രസംഗത്തിന്‍െറ പൂര്‍ണരൂപം സഭയുടെ മേശപ്പുറത്ത് വെച്ച് പാര്‍ലമെന്‍ററി രേഖയാക്കുകയും ചെയ്തു.
താന്‍ അറിഞ്ഞോ അറിയാതെയോ വരുത്തിയ പിഴവിലൂടെ ഐ.എസിന് ആദരവ് നല്‍കുകയാണ് ഗുലാം നബി ചെയ്തതെന്ന് ജെയ്റ്റ്ലി വിമര്‍ശിച്ചു. ലോകത്തിനുള്ള വലിയ ഭീഷണി ഐ.എസാണ്. മറ്റു മതങ്ങള്‍ക്കെതിരെ ടാങ്കുകളും സേനയെയും ഉപയോഗിക്കുകയാണവരന്നും അദ്ദേഹം പറഞ്ഞു.  ലോക്സഭയിലും വിഷയമുന്നയിച്ച് ബി.ജെ.പി അംഗങ്ങള്‍ ബഹളം വെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.