കോയമ്പത്തൂര്‍: സവര്‍ണ യുവതിയെ വിവാഹം കഴിച്ചതിന്‍െറ പേരില്‍ ദലിത് യുവാവിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികളെ പ്രത്യേക പൊലീസ് സംഘം പിടികൂടി. പളനി സ്വദേശികളായ മണികണ്ഠന്‍, മദന്‍, ശെല്‍വകുമാര്‍, ജഗദീശന്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിണ്ടുഗല്‍ പട്ടിവീരന്‍പട്ടി അണ്ണാനഗറിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഞായറാഴ്ച ഉച്ചക്കുശേഷം ഉടുമലപേട്ട ബസ്സ്റ്റാന്‍ഡിലാണ് തിരുപ്പൂര്‍ മടത്തുക്കുളം കുമരലിംഗം ചാവടി തെരുവില്‍ വേലുച്ചാമിയുടെ മകന്‍ ശങ്കര്‍ (22) കൊല്ലപ്പെട്ടത്. ഭാര്യ കൗസല്യക്കും ഗുരുതര പരിക്കേറ്റിരുന്നു.
കേസില്‍ കൗസല്യയുടെ പിതാവ് ചിന്നസ്വാമി തിങ്കളാഴ്ച നിലക്കോട്ട കോടതിയില്‍ കീഴടങ്ങിയിരുന്നു.
പിടിയിലായ മദന്‍, ശെല്‍വകുമാര്‍, ജഗദീശന്‍ എന്നിവര്‍ ചിന്നസ്വാമിയുടെ സുഹൃത്തുക്കളാണ്. തേവര്‍ സമുദായംഗമാണ് ചിന്നസ്വാമി.
പൊള്ളാച്ചിയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജില്‍ വെച്ച് പരിചയപ്പെട്ടാണ് ശങ്കറും കൗസല്യയും വിവാഹിതരായത്. രണ്ടു തവണ ചിന്നസ്വാമി കൗസല്യയെ കണ്ട് ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പിന്നാക്ക വിഭാഗമായ പള്ളര്‍ സമുദായത്തില്‍പ്പെട്ട ശങ്കറിനോടൊപ്പം ജീവിക്കാന്‍ അനുവദിക്കില്ളെന്ന് ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നത്രെ. ശങ്കര്‍ മരിച്ചെന്ന് ബോധ്യമായ സാഹചര്യത്തിലാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് ജയിലിലേക്ക് പോകവെ ചിന്നസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തില്‍ കുമരലിംഗം ശ്മശാനത്തിലാണ് ശങ്കറിന്‍െറ മൃതദേഹം സംസ്കരിച്ചത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ ചികില്‍സയില്‍ കഴിയുന്ന കൗസല്യക്ക് പൊലീസ് അനുമതി നല്‍കിയില്ല. അതിനിടെ തമിഴ്നാട് സര്‍ക്കാറിന്‍െറ സഹായമായി 5.45 ലക്ഷം രൂപ ശങ്കറിന്‍െറ പിതാവ് വേലുച്ചാമിക്ക് പൊള്ളാച്ചി ആര്‍.ഡി.ഒ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.