ഷെർവാണിയും തൊപ്പിയും ധരിക്കണമെന്ന് ഭരണഘടനയിലുണ്ടോ; ഉവൈസിയെ വിമർശിച്ച് ജാവേദ് അക്തർ

ന്യൂഡൽഹി: ഭാരത് മാതാ കി ജയ് എന്ന് വിളിക്കില്ലെന്ന അസദുദ്ദീൻ ഉവൈസിക്ക് എം.പിയും കവിയുമായ ജാവേദ് അക്തറിന്‍റെ രൂക്ഷ വിമർശം. രാജ്യസഭാംഗമെന്ന നിലയിൽ നടത്തിയ അവസാന പ്രസംഗത്തിലാണ് ജാവേദ് അക്തർ പേരെടുത്ത് പറയാതെ ഉവൈസിയെ വിമർശിച്ചത്.

ഹൈദരാബാദിലെ ഒരു മേഖലയിലെ നേതാവ് എന്നാണ് എ.ഐ.എം.ഐ.എം നേതാവ് ഉവൈസിയെ അദ്ദേഹം വിശേഷിപ്പിച്ചത്. ഭരണഘടനയിൽ ഭാരത് മാതാകി ജയ് എന്ന് വിളിക്കാൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഷെർവാണിയും തൊപ്പിയും ധരിക്കണമെന്ന് ഭരണഘടനയിൽ പറഞ്ഞിട്ടുണ്ടോ എന്ന് ജാവേദ് അക്തർ ചോദിച്ചു. പ്രസംഗത്തിൽ ഇടക്ക് ഭാരത് മാതാ കി ജയ് എന്ന് അദ്ദേഹം വിളിക്കുകയും ചെയ്തു.

ഭാരത് മാതാ കി ജയ് എന്ന് വിളിക്കാതിരിക്കാനുള്ള അവകാശം പോലെ വിളിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അക്തർ പറഞ്ഞു.

മതത്തിന്‍റെ പേരിൽ ആളുകളെ തൂക്കിലേറ്റുന്ന പോലുള്ള രാജ്യമായി മാറണോ അതോ 'ദ ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ക്രൈസ്റ്റ്' പോലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ കഴിയുന്ന രാജ്യമാകണോ എന്ന് അദ്ദേഹം ചോദിച്ചു. മതേതരത്വം ഏതെങ്കിലുമൊരു മതവിഭാഗത്തിന്‍റെയോ സമുദായത്തിന്‍റെയോ സംരക്ഷണമല്ല ലക്ഷ്യമിടുന്നത്. മതേതരത്വം ഇല്ലാതെ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായി നിലനിൽക്കില്ല. ജനാധിപത്യം, മതേതരത്വം, ഭരണഘടന, യുവശക്തി ഇതെല്ലാമാണ് ഇന്ത്യയുടെ കരുത്ത്. ഇതൊന്നും നഷ്‌ടപ്പെടാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജാവേദ് അക്തർ അടക്കം 17 അംഗങ്ങളാണ് കാലാവധി പൂർത്തിയാക്കി വിരമിച്ചത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ് ജാവേദ് അക്തർ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.