ന്യൂഡൽഹി: ആത്മഹത്യക്ക് ശ്രമിച്ചുവെന്ന കേസിൽ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിളയെ ഡൽഹി കോടതി വെറുതെവിട്ടു. 2006ൽ ജന്തർ മന്ദിറിന് മുന്നിൽ മരണം വരെ നിരാഹാര സമരം നടത്തിയ കേസിലാണ് കോടതിവിധി. സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന വിവാദമായ അഫ്സ്പ (ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവർ ആക്ട്) പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇറോം ശർമിള 16 വർഷങ്ങളായി നിരാഹാര സമരത്തിലാണ്.
കേസിൽ മാപ്പപേക്ഷിക്കാൻ ഇറോം ശർമിള തയാറായിരുന്നില്ല. ഭക്ഷണമുപേക്ഷിച്ച് ശർമിള സ്വയം ജീവനൊടുക്കാൻ തീരുമാനമെടുത്തുവെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ ജീവിതത്തെ താൻ വളരെയധികം സ്നേഹിക്കുന്നുണ്ടെന്നും അഫ്സപക്കെതിരെയും ഈ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെയുമാണ് തന്‍റെ പോരാട്ടമെന്നും ഇറോം ശർമിള വ്യക്തമാക്കി.
ആത്മഹത്യാശ്രമത്തിന്‍റെ പേരിൽ പല തവണ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. വീണ്ടും തനിക്കെതിരെ ഒരേ ആരോപണം ഉന്നയിച്ച് അറസ്റ്റ് ചെയ്യുന്നതിലും കേസെടുക്കുന്നതിലും അവർ അസന്തുഷ്ടി പ്രകടിപ്പിച്ചു. കരിനിയമം പിൻവലിച്ചാൽ താൻ നിരാഹാരം പിൻവലിക്കാൻ തയാറാണെന്നും ഇറോം ശർമിള അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.