അധ്യാപക പാക്കേജ്: കോടതിവിധി നടപ്പാക്കുന്നത് തുടരാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി

തിരുവനന്തപുരം: അധ്യാപക പാക്കേജുമായി ബന്ധപ്പെട്ട ഹൈകോടതിവിധി നടപ്പാക്കുന്ന നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി. പാക്കേജ് നടപ്പാക്കുന്നതിന് വ്യക്തതാ ഉത്തരവിറക്കുന്നതിന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ അനുമതി നിഷേധിച്ചതിനെതുടര്‍ന്ന് ഫയല്‍ കേന്ദ്രകമീഷന് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമായതായി ബുധനാഴ്ച വൈകീട്ടോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനില്‍നിന്ന് സംസ്ഥാന സര്‍ക്കാറിന് സന്ദേശം ലഭിച്ചു.

അധ്യാപകതസ്തികനിര്‍ണയവും നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി അനിശ്ചിതത്വം തുടരുകയായിരുന്നു. പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 29ന് ഇറക്കിയ ഉത്തരവില്‍ ഒന്നാമത്തെ തസ്തികക്ക് വേണ്ട കുട്ടികളുടെ എണ്ണം വ്യക്തമാക്കുന്നുണ്ടെങ്കിലും തുടര്‍ന്നുവരുന്ന അധികതസ്തികകള്‍ക്ക് വേണ്ട കുട്ടികളുടെ എണ്ണം സംബന്ധിച്ച് അവ്യക്തതയുണ്ടായിരുന്നു. ഇതിലാണ് വ്യക്തതാ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി തേടിയത്. ഹൈകോടതിവിധിപ്രകാരം വിദ്യാഭ്യാസഅവകാശനിയമം അനുശാസിക്കുന്ന അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ തസ്തികനിര്‍ണയം നടത്താനായിരുന്നു ജനുവരി 29ന് ഉത്തരവിറക്കിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതിയെതുടര്‍ന്ന് കോടതിവിധിയനുസരിച്ച് തസ്തികനിര്‍ണയ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.ഇ.ഒ, ഡി.ഇ.ഒമാര്‍ക്കും ബുധനാഴ്ച വൈകീട്ടോടെ സര്‍ക്കുലര്‍ കൈമാറി. അധ്യാപക പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടനാനേതാക്കള്‍ പൊതുവിദ്യാഭ്യാസ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമായും ഡി.പി.ഐയുമായും ചര്‍ച്ച നടത്തിയിരുന്നു. തസ്തിക നിര്‍ണയവും നിയമനാംഗീകാരവും ഉടന്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് ഇരുവരും അറിയിച്ചതായി സംഘടനാനേതാക്കള്‍ അറിയിച്ചു. ഇതനുസരിച്ച് എല്‍.പിയില്‍ 31ഉം യു.പിയില്‍ 36ഉം കുട്ടികള്‍ക്കും ഹൈസ്കൂളില്‍ 51കുട്ടികള്‍ക്കും അധികതസ്തിക അനുവദിക്കും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.