വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ദരിദ്ര, ന്യൂനപക്ഷ വിഭാഗക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും ദരിദ്ര, പിന്നാക്ക, ന്യൂനപക്ഷ വിഭാഗക്കാരാണെന്ന് പഠനം. ഡല്‍ഹി നാഷനല്‍ ലോ യൂനിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടത്തെല്‍. ദലിത്, ആദിവാസി വിഭാഗങ്ങളില്‍പെട്ടവരാണ് വധശിക്ഷ വിധിക്കപ്പെട്ടവരില്‍ 24.5 ശതമാനവും (90 പേര്‍). മതന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവര്‍ 20 ശതമാനമാണ്; 76 പേര്‍.
വധശിക്ഷക്കു വിധിക്കപ്പെട്ടവരില്‍ 80 ശതമാനവും സ്കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തവരാണെന്നും പകുതിയോളം പേര്‍ 18 വയസ്സിനു മുമ്പുതന്നെ ജോലിചെയ്തു തുടങ്ങിയവരാണെന്നും പഠനം വെളിപ്പെടുത്തുന്നു. ഇവരില്‍ നാലിലൊന്നും കുറ്റം ചെയ്ത സമയത്ത് 18-21 പ്രായപരിധിയിലുള്ളവരോ 60 വയസ്സിനു മുകളിലുള്ളവരോ ആയിരുന്നു. 2000ത്തിനും 2015നുമിടയില്‍ വിചാരണ കോടതികള്‍ വിധിച്ച വധശിക്ഷകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് സുപ്രീംകോടതി സ്ഥിരീകരിച്ചത്. മൊത്തം 1486 കേസുകളില്‍ അപ്പീല്‍ നടപടിക്കുശേഷം വധശിക്ഷ സ്ഥിരീകരിക്കപ്പെട്ടത് 73 പേര്‍ക്കുമാത്രം.
കൂടിക്കാഴ്ചക്ക് വിധേയമാക്കിയ 373 പേരില്‍ 127 പേരുടെ വിചാരണ അഞ്ച് വര്‍ഷത്തോളമെടുത്തപ്പോള്‍ 54 പേര്‍ക്ക് 10 വര്‍ഷത്തിലധികം നീണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
2013 ജൂലൈ മുതല്‍ 2015 ജനുവരിവരെ നടത്തിയ പഠനം അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ട് രണ്ട് ഭാഗങ്ങളായി വെള്ളിയാഴ്ചയാണ് ചടങ്ങില്‍ പുറത്തുവിട്ടത്. രാജ്യത്തെ  നീതിന്യായ സംവിധാനത്തില്‍ കാര്യമായ പരിഷ്കാരം ആവശ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ച  സുപ്രീംകോടതി ജഡ്ജി മദന്‍ ബി. ലോക്കൂര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.