ന്യൂഡല്‍ഹി: വിമാന റാഞ്ചികള്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ആന്‍റി ഹൈജാക്ക് ബില്‍ 2016 ലോക്സഭ പാസാക്കി. നേരത്തേ രാജ്യസഭ പാസാക്കിയ ബില്‍ ഇതോടെ പ്രാബല്യത്തില്‍ വന്നു.
ഭീഷണിപ്പെടുത്തിയോ, അല്ലാതെയോ വിമാനത്തിന്‍െറ നിയന്ത്രണം കൈക്കലാക്കാനുള്ള ഏതു ശ്രമവും റാഞ്ചലായി കണക്കാക്കും. വിമാന റാഞ്ചലിനിടെ ആരെങ്കിലും കൊല്ലപ്പെട്ടാൽ പ്രതിക്ക് വധശിക്ഷ ലഭിക്കും. വിമാനം റാഞ്ചാൻ ശ്രമിക്കുന്നവര്‍, പ്രേരണ നല്‍കുന്നവര്‍, റാഞ്ചല്‍ ഭീഷണി മുഴക്കുന്നവര്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് വരെ നല്‍കാനുള്ള കര്‍ശന വ്യവസ്ഥകളും പുതിയ നിയമത്തിലുണ്ട്.
വിമാനം പുറപ്പെടാൻ വൈകുമ്പോഴും യാത്ര അനിശ്ചിതത്വത്തിലാകുമ്പോഴും വിമാന ജീവനക്കാരും യാത്രക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കവും വാഗ്വാദവും റാഞ്ചല്‍ ശ്രമമായി വ്യാഖ്യാനിക്കാന്‍ പുതിയ ബിൽ അധികൃതര്‍ക്ക് അവസരം നല്‍കുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് പൈലറ്റുമായി വാഗ്വാദത്തിലേര്‍പ്പെട്ട കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാര്‍ക്കെതിരെ വിമാനം റാഞ്ചാന്‍ ശ്രമിച്ചതിന് കേസെടുത്തത് നേരത്തേ വിവാദമായിരുന്നു.
അന്താരാഷ്ട്ര മാനദണ്ഡം അനുസരിച്ചാണ് പുതിയ നിയമം തയാറാക്കിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. പുതിയ നിയമം അനുസരിച്ച് വിമാന റാഞ്ചല്‍ രാഷ്ട്രീയ കുറ്റകൃത്യമാണ്. അതുകൊണ്ടുതന്നെ മറ്റൊരു രാജ്യവുമായി ബന്ധപ്പെട്ട വിമാന റാഞ്ചല്‍ കേസിലെ പ്രതികളെ ബന്ധപ്പെട്ട രാജ്യം ആവശ്യപ്പെടുന്ന മുറക്ക് കൈമാറാമെന്നും നിയമം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.