ന്യൂഡല്‍ഹി: കോപ്ടര്‍ ഇടപാട് വിഷയത്തില്‍ സോണിയ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ പാര്‍ലമെന്‍റില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പ്രതിഷേധം. കോണ്‍ഗ്രസ് അധ്യക്ഷക്കെതിരെ നുണപ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച കോണ്‍ഗ്രസ് ഇരുസഭകളിലും അവകാശലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിരോധ മന്ത്രി മനോഹര്‍ പരീകറിനുമെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
ഇരുസഭകളിലും ഇതുസംബന്ധിച്ച ചര്‍ച്ചക്ക് സഭാധ്യക്ഷന്‍ അനുമതി നല്‍കിയില്ല. അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയുടെ നടുത്തളത്തില്‍ ധര്‍ണ നടത്തി. സോണിയയുടെ ഇറ്റാലിയന്‍ ബന്ധം പരാമര്‍ശിച്ച് ഇറ്റാലിയന്‍ കമ്പനി അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഉള്‍പ്പെട്ട കോപ്ടര്‍ കോഴ ഇടപാടില്‍ മോദി നടത്തിയ പരാമര്‍ശമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസ് അംഗം വീരപ്പമൊയ്ലിയാണ് ലോക്സഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. ചോദ്യോത്തരവേളയിലും ശൂന്യവേളയിലും വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെങ്കിലൂം സ്പീക്കര്‍ സുമിത്ര മഹാജന്‍ അനുവദിച്ചില്ല. നോട്ടീസ് തന്‍െറ പരിഗണനയിലാണെന്നും അത് ചര്‍ച്ചചെയ്യണോയെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞുവെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ അടങ്ങിയില്ല. അവര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം സഭ ചേര്‍ന്നപ്പോള്‍ നോട്ടീസ് വായിക്കാനെങ്കിലും അനുവദിക്കണമെന്ന് കോണ്‍ഗ്രസ് സഭാ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പക്ഷേ, സ്പീക്കര്‍ സമ്മതിച്ചില്ല. രാജ്യത്തെ രൂക്ഷമായ വരള്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ഉച്ചക്ക് ശേഷമുള്ള അജണ്ട. വരള്‍ച്ചയില്‍ ജനം നട്ടം തിരിയുന്ന സാഹചര്യത്തില്‍ സഭയിലെ ചര്‍ച്ച മുടക്കാനില്ളെന്ന് പറഞ്ഞ ഖാര്‍ഗെ രാവിലെ മുതല്‍ വിഷയം ഉന്നയിക്കുന്ന തങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കാത്തതിലുള്ള പ്രതിഷേധം അറിയിക്കാന്‍ സംയമനത്തിന്‍െറ വഴി തെരഞ്ഞെടുക്കുകയാണെന്ന് പറഞ്ഞ് നടുത്തളത്തില്‍ ധര്‍ണ ഇരിക്കുകയായിരുന്നു.
ഖാര്‍ഗെക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ധര്‍ണക്ക് നേതൃത്വം നല്‍കി. അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഇടപാടില്‍ ആരുടെയും പേരുപറയുന്നില്ളെന്നാണ് പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ ലോക്സഭയില്‍ അറിയിച്ചതെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്നാല്‍, കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി അഗസ്റ്റ കേസിന്‍െറ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷക്കെതിരെ ആരോപണമുന്നയിച്ചു. ആരോപണത്തിന് തെളിവുണ്ടെങ്കില്‍ പ്രധാനമന്ത്രിയോ, പ്രതിരോധ മന്ത്രിയോ അത് സഭയില്‍ വെക്കണമെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
രാജ്യസഭയില്‍ അവകാശലംഘന നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് അംഗം ശാന്താറാമിന് അവതരണാനുമതി ലഭിച്ചില്ല. ശൂന്യവേളയില്‍ മറ്റൊരു വിഷയത്തില്‍ സംസാരിക്കാന്‍ ലഭിച്ച അവസരം ഉപയോഗപ്പെടുത്തി ശാന്താറാം അഗസ്റ്റ വിഷയം ഉന്നയിക്കുകയായിരുന്നു. പ്രധാനമന്ത്രി നുണപ്രചാരണം നടത്തുകയാണെന്നും അതിനാലാണ് സോണിയക്കെതിരെ തെളിവ് പാര്‍ലമെന്‍റില്‍ വെക്കാനുള്ള വെല്ലുവിളി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതെന്നും ശാന്താറാം പറഞ്ഞു. അഗസ്റ്റവെസ്റ്റ്ലന്‍ഡ് വിഷയം ഉന്നയിക്കാന്‍ അനുമതിയില്ളെന്ന് ചൂണ്ടിക്കാട്ടിയ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ ശാന്താറാമിനെ വിലക്കി.
ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ച് മറ്റൊരു രാഷ്ട്രീയ നേതാവ് നടത്തുന്ന പരാമര്‍ശങ്ങള്‍ അവകാശലംഘന പരിധിയില്‍ വരില്ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അഴിമതിയെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും അതിന്‍െറ പേരില്‍ അദ്ദേഹത്തെ സഭയില്‍ ബഹളം വെച്ച് പേടിപ്പിക്കാനാവില്ളെന്നും ജെയ്റ്റ്ലി തുടര്‍ന്നു. പാര്‍ലമെന്‍റിന് അകത്തായാലും പുറത്തായാലും പ്രധാനമന്ത്രി നടത്തുന്ന പ്രസ്താവനകള്‍ ഗൗരവമുള്ളതാണെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ തെളിവ് നിരത്തണം. അല്ളെങ്കില്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.