കടല്‍ക്കൊല: അവശേഷിക്കുന്ന പ്രതിയെയും ഇറ്റലിക്ക് വിടുന്നത് പരിഗണനയില്‍

ന്യൂഡല്‍ഹി:  അന്താരാഷ്ട്ര തലത്തില്‍ കേസ് തീര്‍പ്പാക്കുന്നതുവരെ ഇറ്റലിയിലേക്ക് പോകാന്‍ തന്നെയും അനുവദിക്കണമെന്ന കടല്‍ക്കൊല കേസിലെ പ്രതി ഇറ്റാലിയന്‍ നാവികന്‍ സാല്‍വതോര്‍ ഗിറോണിന്‍െറ അപേക്ഷയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യയും ഇറ്റലിയും തമ്മിലത്തെിച്ചേര്‍ന്ന അന്താരാഷ്ട്ര ധാരണയുടെ അടിസ്ഥാനത്തില്‍ കേരള ഹൈകോടതി നേരത്തേ ചുമത്തിയ ജാമ്യവ്യവസ്ഥകളില്‍ ഇളവു നല്‍കി നാട്ടിലേക്ക് വിടണമെന്നാണ് ഗിറോണിന്‍െറ ആവശ്യം.

ഗിറോണ്‍ സമര്‍പ്പിച്ച പുതിയ അപേക്ഷയില്‍ ജസ്റ്റിസുമാരായ പി.സി. പന്തും ഡി.വൈ. ചന്ദ്രചൂഡും വാദം കേള്‍ക്കും. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് മറ്റൊരു പ്രതിയായ ലത്തോറെ മാര്‍സി മിലാനോ  ഇറ്റലിയിലേക്ക് പോയശേഷം ഇന്ത്യയില്‍ അവശേഷിക്കുന്ന പ്രതിയാണ് ഗിറോണ്‍. അന്താരാഷ്ട്ര കോടതി തീര്‍പ്പാക്കുന്നതുവരെ സ്വന്തം നാട്ടില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ലത്തോറെ ആവശ്യപ്പെട്ടു. കേരള ഹൈകോടതി പുറപ്പെടുവിച്ച ജാമ്യ ഉത്തരവ് ഇതിനായി ഭേദഗതി ചെയ്യണം. കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന പ്രതികളെ സുപ്രീംകോടതി നിര്‍ദേശപ്രകാരം ജയില്‍മോചിതരാക്കി ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലാണ് താമസിപ്പിച്ചിരുന്നത്. ഗിറോണ്‍ ഇപ്പോഴും എംബസിയിലാണുള്ളത്. മടങ്ങിവരാതിരുന്ന ലത്തോറെയുടെ അവധി സുപ്രീംകോടതി സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു.

കടല്‍ക്കേസുകള്‍ക്കുള്ള ജര്‍മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ പരിഗണനയിലാണ് ഇറ്റലിയുടെ ഹരജി. ആ ഹരജി സ്വീകരിച്ചപ്പോള്‍ തന്നെ ട്രൈബ്യൂണല്‍ കടല്‍ക്കൊല കേസ് സംബന്ധിച്ച ഇന്ത്യയിലെ വിചാരണ സ്റ്റേ ചെയ്തിരുന്നു. അതിനുശേഷം കേസ് കോടതിക്കു പുറത്ത് തീര്‍പ്പാക്കാമെന്നറിയിച്ച് ഹേഗിലെ യു.എന്‍ മധ്യസ്ഥ ട്രൈബ്യുണല്‍ മുമ്പാകെ ഇന്ത്യയും ഇറ്റലിയും ചേര്‍ന്ന് പുതിയ അപേക്ഷ നല്‍കി. അപേക്ഷ പരിഗണിക്കാമെന്ന് വ്യക്തമാക്കിയ ഹേഗിലെ ട്രൈബ്യൂണല്‍ പ്രതികളെ ഇറ്റലിയിലേക്ക് വിടണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. അക്കാര്യത്തില്‍ സുപ്രീംകോടതി തീരുമാനമെടുക്കുമെന്ന് ഇന്ത്യ അറിയിച്ചതിനെ തുടര്‍ന്നാണ് ഗിറോണ്‍ അപേക്ഷ നല്‍കിയത്.

ഇറ്റലിയുടെ ഏറക്കാലമായുള്ള ആവശ്യത്തിന് വഴങ്ങി മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര മധ്യസ്ഥത്തിന് തയാറായതാണ് കടല്‍ക്കൊല കേസിലെ രണ്ടാംപ്രതിയുടെയും അപേക്ഷയിലേക്ക് നയിച്ചത്. അറ്റോര്‍ണി ജനറല്‍ മുകുല്‍ രോഹ്തഗിയായിരുന്നു മോദി സര്‍ക്കാര്‍ അധികാരത്തിലത്തെുന്നതുവരെ കടല്‍ക്കൊല കേസില്‍ ഇറ്റലിക്കുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത്. അന്താരാഷ്ട്ര തലത്തില്‍ കടല്‍ക്കൊല കേസ് പരിഹരിക്കണമെന്ന അദ്ദേഹത്തിന്‍െറ അന്നത്തെ വാദമാണ് അദ്ദേഹത്തിന് കീഴിലുള്ള അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മോദി സര്‍ക്കാറിനു വേണ്ടി സുപ്രീംകോടതിക്കു മുമ്പാകെ വെച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.